ബംഗ്ലൂര്‍: ഐഎസ്ആര്‍ഓയുടെ നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന വിക്ഷേപണ വാഹനമായ പിഎസ്എല്‍വി 50-ാം ദൗത്യത്തിന് ഒരുങ്ങുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആര്‍.ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാകും പി.എസ്.എല്‍.വി.യുടെ ക്യു.എല്‍. പതിപ്പ് ഭ്രമണപഥത്തിലേക്കുയരുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 3.28 നാണ് റിസാറ്റ്-2 ആര്‍ബി-1 വിക്ഷേപിക്കുക. എസ്.ആര്‍. ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്‍.
അഞ്ചുവര്‍ഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബി.ആര്‍.-1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്‌ക്ക് ഉപയോഗിക്കാവുന്നതാണിത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും.
ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ പി.എസ്.എല്‍.വി. വഹിക്കും. 21 മിനിറ്റും 19.5 സെക്കന്‍ഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക.
രണ്ട് ദൗത്യങ്ങള്‍ ഒഴിച്ചാല്‍ പിഎസ് എല്‍ വിയുടെ 47 വിക്ഷേപണവും പൂര്‍ണ വിജയമായിരുന്നു. എസ്എല്‍വി, എഎസ്എല്‍വി എന്നീ വിക്ഷേപണവാഹനങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ മികവുള്ള പിഎസ്എല്‍വി എന്ന വിക്ഷേപണ വാഹനം നിര്‍മ്മിച്ചതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) വികസിപ്പിച്ചെടുത്ത് ഉപയോഗിക്കുന്ന എക്‌സ്‌പെന്‍ഡബിള്‍ വിഭാഗത്തില്‍ പെട്ട വിക്ഷേപണ വാഹനമാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. പി.എസ്.എല്‍.വി. സണ്‍ സിങ്ക്രണസ് ഓര്‍ബിറ്റുകളിലേയ്‌ക്ക് ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായാണ് പി.എസ്.എല്‍.വി വികസിപ്പിച്ചെടുത്തത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത.
ഇന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങള്‍
-റിസാറ്റ് -2ബിആര്‍ -ഇന്ത്യ
-ക്യൂപിഎസ് എസ്എആര്‍-ജപ്പാന്‍
-ഡച്ചിഫാറ്റ്-3 ഇസ്രയേല്‍
-ടൈവാക്ക് -0092 -ഇറ്റലി
-ടൈവാക്ക് 0129 അമേരിക്ക
-ലെമര്‍ അമേരിക്ക (4)
-ഹോപ് സാറ്റ് അമേരിക്ക