ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട മാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഡിസംബര്‍ 16 ന് നടന്നേക്കുമെന്ന് സൂചന. വധശിക്ഷ നടപ്പാക്കുന്നതിനായി രണ്ട് ആരാച്ചാരന്മാരെ വിട്ടു തരണമെന്നാവശ്യപ്പെട്ട് യുപി ജയില്‍ അധികൃതരെ തിഹാര്‍ ജയില്‍ അധികൃതര്‍ സമീപച്ചതായാണ് റിപ്പോര്‍ട്ട്.
ആരാച്ചാരന്മാരെ ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്ത് ലഭിച്ചതായി യുപി ജയില്‍ അഡ്മിനിസ്ട്രഷന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥിരീകരിച്ചു. ആരാച്ചാരന്മാര്‍ ഏതു നിമിഷവും പൂര്‍ണ്ണ സജ്ജരായിരിക്കണമന്ന് തീഹാര്‍ ജയിലില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുപിയില്‍ രണ്ട് ആരാച്ചാരന്മാരാണ് ഉള്ളത്. ഒരാള്‍ ലക്‌നൗവിലും മറ്റെയാള്‍ മീററ്റിലുമാണ് ഉള്ളതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ പോസ്റ്റില്‍ സ്ഥിര നിയമനമില്ല. വധശിക്ഷ അപൂര്‍വ്വമായതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യഘട്ടത്തില്‍ ആളുകളെ നിയോഗിക്കുകയാണ് പതിവ്.
രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണ കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015-ല്‍ മോചിതനായി. നാല് പ്രതികള്‍ക്ക് എതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. ഏഴാം വാര്‍ഷിക ദിനത്തില്‍ തന്നെ പ്രതികളുടെ ശിക്ഷ നടപ്പാക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.














