ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി രാംസിങ് തൂങ്ങി മരിച്ചതല്ലെന്ന് വെളിപ്പെടുത്തല്‍. തിഹാര്‍ ജയില്‍ ലോ ഓഫീസര്‍ സുനില്‍ ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലാക്ക് വാറന്റ് -കണ്‍ഫഷന്‍സ് ഓഫ് എ തിഹാര്‍ ജയിലര്‍ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിര്‍ഭയ മരിച്ചിട്ട് നാളേക്ക് ഏഴു വര്‍ഷം തികയുന്നതിനിടെയാണ് ജയിലറുടെ പുസ്തകം ചര്‍ച്ചയാകുന്നത്.
”ജയില്‍ ഐജിയായിരുന്ന വിമല്‍ മെഹ്‌റയെ ആ കേസ് വല്ലാതെ തളര്‍ത്തിയിരുന്നു. അവര്‍ കരയുകയും ചെയ്തു. പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്കു മാറ്റാനും സമ്മതിച്ചില്ല. ആരെങ്കിലും പ്രതികളെ കൊലപ്പെടുത്തിയാലോ എന്നു ചോദിച്ചപ്പോള്‍ ‘അവര്‍ ചെയ്യട്ടെ, അതുകൊണ്ട് നിങ്ങള്‍ക്കെന്തു പറ്റാന്‍’ എന്നായിരുന്നു മെഹ്റയുടെ മറുപടി. പുസ്തകത്തിലെ ഈ ഭാഗമാണ് ചര്‍ച്ചയാകുന്നത്.
5 പ്രതികളെ ജയിലില്‍ അടച്ച് 3 മാസത്തിനു ശേഷം 2013 മാര്‍ച്ച് 11-നാണു രാം സിങ് തൂങ്ങിമരിച്ചത്. 5 പേര്‍ താമസിക്കുന്ന സെല്ലില്‍ മറ്റുവള്ളവര്‍ അറിയാതെ ഒരാള്‍ എങ്ങനെ മരിക്കുമെന്ന് സുനില്‍ ചോദിക്കുന്നു. മരിച്ച രാംസിങ്ങിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. കൈക്കു സ്വാധീനമില്ലാത്ത രാംസിങ് 12 അടി ഉയരത്തില്‍ കുരുക്കിട്ടത് എങ്ങനെ തുടങ്ങിയ നിരവധി സംശയങ്ങളാണ് സുനില്‍ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. നിര്‍ഭയയെ ആക്രമിച്ചതെന്താണെന്ന് ചോദ്യത്തിന് നല്ല മനുഷ്യര്‍ അവിടില്ല. അവരെല്ലാം മദ്യപിക്കും, വഴക്കുണ്ടാക്കും. ഞാനും അങ്ങനെ അവരെപ്പോലെയായി, ഒരു മൃഗത്തെപ്പോലെ’ എന്നായിരുന്നു സിങ്ങിന്റെ പ്രതികരണമെന്നും പുസ്തകത്തിലുണ്ട്.
നിര്‍ഭയ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിട്ട് നാളേക്ക് ഏഴു വര്‍ഷം തികയുകയാണ്. വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. അതേസമയം വധശിക്ഷയെ എതിര്‍ത്ത് പ്രതികളിലൊരാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 17-ാം തീയതിയാണ് ഹര്‍ജി പരിഗണിക്കുക. വധശിക്ഷ നടപ്പാക്കാനുള്ള അവസാന ഘട്ടത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍. തൂക്കു കയര്‍ നിര്‍മ്മിക്കാന്‍ ബക്‌സര്‍ ജയിലധികൃതരെ സമീപിച്ചിരുന്നു. കൂടാതെ ആരാച്ചാരെ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തിഹാര്‍ ജയില്‍ അധികൃതര്‍ യുപി സര്‍ക്കാരിനേയും സമീപിച്ചിരുന്നു. ആരാച്ചാരെ വിട്ടു നല്‍കുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.















