ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യന്‍ കുതിപ്പ് വാനോളം ഉയര്‍ത്തിയ 2019

Published by
Janam Web Desk

ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യന്‍ കുതിപ്പ് വാനോളം ഉയര്‍ന്ന വര്‍ഷം ആയിരുന്നു 2019. അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ പോയ വര്‍ഷം രാജ്യത്തിനായി. കൂടാതെ ബഹിരാകാശ ഗവേഷണ മേഖലയില്‍ പുതിയ തുടക്കം കുറിക്കാനും ഇന്ത്യയക്ക് കഴിഞ്ഞു.

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയ്‌ക്ക് ഏറെ നിര്‍ണ്ണായകമായ ഒന്നായിരുന്നു പോയ വര്‍ഷം. ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റ് ലോക രാജ്യങ്ങളുടെ കുത്തക അവസാനിപ്പിക്കാനും നിരവധി സുപ്രധാന ദൗത്യങ്ങളിലൂടെ ഇവരുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കാനും ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു. അതേസമയം ഐസ്ആര്‍ഒയെ സംബന്ധിച്ച് വളരെ സങ്കീര്‍ണ്ണമായ ഒരു വര്‍ഷം കൂടിയാണ് കടന്നു പോയത്.

ബഹിരാകാശ സാങ്കേതിക വിദ്യകള്‍ക്കായി നാസയുടെ വാതിലില്‍ മുട്ടുന്ന ഐഎസ്ആര്‍ഒയിലെ ശാസ്ത്രഞ്ജരെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചവര്‍ക്കുള്ള ശക്തമായ മറുപടി ആയിരുന്നു കഴിഞ്ഞ വര്‍ഷം ഐഎസ്ആര്‍ഒ നല്‍കിയത്. 2019 ന്റെ ആരംഭത്തില്‍ തന്നെ വളരെ പ്രാധാനപ്പെട്ട ദൗത്യങ്ങളുമായി ഐഎസ്ആര്‍ഒ വാര്‍ത്തകളില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷം ആറ് തവണയാണ് ഇന്ത്യയുടെ അഭിമാനവും ചിറകിലേറ്റി വിക്ഷേപണ വാഹനങ്ങള്‍ ബഹിരാകാശത്തേക്ക് പറന്നത്.

2019 ലെ ആദ്യ ദൗത്യം ആയിരുന്നു പിഎസ്എല്‍വി സി- 44. സൈനിക ആവശ്യങ്ങള്‍ക്കുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുള്ള മൈക്രോസാറ്റ്- ആര്‍, വിദ്യാഭ്യാസ പദ്ധിതികളെ സഹായിക്കുന്ന കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങളുടെ വഹിച്ചുകൊണ്ടാണ് പിഎസ്എല്‍വി സി-44 പറന്നുയര്‍ന്നത്. ഇതിലൂടെ പ്രതിരോധം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വികസനത്തിന്റെ പുതിയൊരു അദ്ധ്യായം കൂടിയാണ് രചിക്കപ്പെട്ടത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രായാന്‍ 2 ന്റെ വിക്ഷേപണവും കഴിഞ്ഞ വര്‍ഷമാണ് നടന്നത്. രാജ്യം ഒട്ടാകെ വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ ദൗത്യം ആയിരുന്നു ചന്ദ്രായാന്‍ 2 ന്റേത്. പ്രതീക്ഷിച്ച രീതിയില്‍ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ആയില്ലെങ്കിലും ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ മറ്റൊരു തുടക്കം ആയിരുന്നു ചന്ദ്രയാന്‍ 2.

ഇന്ത്യയുടേയും വിദേശ രാജ്യങ്ങളുടെയും 150 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ 2019 ല്‍ വിക്ഷേപിച്ചത്. ഇന്ത്യയുടെ 40 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടെ 110 ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിക്കാന്‍ പോയ വര്‍ഷം ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു. കൂടാതെ പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണവും 2019 ല്‍ ആയിരുന്നു. റിസാറ്റ് -2 ബിആര്‍ഐയുടെ വിക്ഷേപണത്തിലൂടെ പിഎസ്എല്‍വി ഉപയോഗിച്ചുള്ള അന്‍പതാമത്തെ ദൗത്യവും ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി.

ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നായിരുന്നു ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രൂപീകരണം. ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമായ എന്‍എസ്‌ഐഎല്‍ 2019 മാര്‍ച്ച് ആറിനാണ് സ്ഥാപിതമായത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളില്‍ വ്യവസായ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്‌ഐഎല്‍ സ്ഥാപിച്ചത്. ഇതിലൂടെ ബഹിരാകാശ വിപണിയില്‍ വലിയ നേട്ടം കൊയ്യാന്‍ രാജ്യത്തിന് കഴിയും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ സാമ്പത്തിക നേട്ടം കൈവരിക്കാനും ഈ വര്‍ഷം ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു. ഈ വര്‍ഷത്തെ വിക്ഷേപണത്തിലൂടെ 324.19 കോടി രൂപയാണ് ഐഎസ്ആര്‍ഒ നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 232. 56 കോടി രൂപയായിരുന്നു. എന്തുകൊണ്ടും വലിയ നേട്ടങ്ങള്‍ മാത്രമാണ് ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.

ചരിത്രം

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന് അടിത്തറ പാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് വിക്രം സാരാഭായ് എന്ന അതുല്യ പ്രതിഭ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി 1969 ന് ഐഎസ്ആര്‍ഒ രൂപീകൃതമായി. ബഹിരാകാശ ഗവേഷണ രംഗത്ത് അത്രനാള്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്ന ഇന്ത്യയ്‌ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു ഐഎസ്ആര്‍ഒയുടെ രൂപീകരണം. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലും ഉയരത്തിലും ബഹിരാകാശ ഗവേഷണ മേഖലയെ ഉയര്‍ത്താന്‍ ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു.

പുരോഗതിക്കായി കൃത്രിമോപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ വിക്രം സാരാഭായും കൂട്ടരും ശ്രദ്ധ പിന്നീട് അതിലേക്ക് തിരിച്ചു. ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനുള്ള വാഹനം തയ്യാറാക്കി എടുക്കുക എന്നതായിരുന്നു ഐഎസ്ആര്‍ഒയുടെ ആദ്യ ലക്ഷ്യം. അങ്ങിനെ നിരവധി നാളത്തെ കഠിന പ്രയത്‌നങ്ങളുടെ ഫലമായി ഐഎസ്ആര്‍ഒ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനമായി എസ്എല്‍വി വിജയകരമായി നിര്‍മ്മിച്ചു.

ഇതേസമയം തന്നെ കൃത്രിമോപഗ്രഹങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും ഐഎസ്ആര്‍ഒ ആരംഭിച്ച് കഴിഞ്ഞിരുന്നു. അങ്ങിനെ നിരന്തര പരിശ്രമങ്ങള്‍ക്ക് ശേഷം 1975 ഏപ്രില്‍ 1 ന് ഇന്ത്യയുടെ അഭിമാനവുമേന്തി ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. പിന്നീടങ്ങോട്ട് 40 ഉപഗ്രഹങ്ങളാണ് ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച് വിക്ഷേപിച്ചത്. നാളിതുവരെ 50 ദൗത്യങ്ങളാണ് ഐഎസ്ആര്‍ഒ നടത്തിയത്. അതില്‍ 48 ഉം വിജയം ആയിരുന്നു. സാങ്കേതികത്വത്തിലെ പിഴവ് മൂലം രണ്ട് തവണ മാത്രമാണ് ഐഎസ്ആര്‍ഒയ്‌ക്ക് നിരാശപ്പെടേണ്ടി വന്നിട്ടുള്ളത്.

ഐഎസ്ആര്‍ഒയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ടയ്‌ക്ക് 36 കിലോ ഗ്രാമോളം ഭാരം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കേവലം 36 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളില്‍ നിന്ന് 2500 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരുത്ത് ഇക്കാലയളവിനുള്ളില്‍ തന്നെ ഐഎസ്ആര്‍ഒ നേടി. 100 ലധികം ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് പറന്നുയരാന്‍ എസ്എല്‍വിയുടെ വികസിത രൂപമായ പിഎസ്എല്‍വിക്ക് ഇന്ന് പ്രാപ്തിയുണ്ട്. മാത്രമല്ല ബഹിരാകാശ മേഖലയില്‍ മറ്റ് ഒരു രാജ്യവും ഇതേവരെ നടത്താത്ത പുതിയ പരീക്ഷണങ്ങള്‍കൂടി ഇന്ന് ഐഎസ്ആര്‍ഒ നടത്തിവരികയാണ്.

ദൗത്യങ്ങള്‍

മൈക്രോസാറ്റ് ആര്‍( ജനുവരി 24)

പുതു വര്‍ഷത്തിലെ ആദ്യ ദൗത്യം ആയിരുന്നു മൈക്രോസാറ്റ ആര്‍. കൂടാതെ ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ പ്രധാന ദൗത്യങ്ങള്‍ ഒന്നു കൂടിയായിരുന്നു ഇത്. സാധാരണയായി വിക്ഷേപണ റോക്കറ്റിന്റെ ഓരോ ഘട്ടവും വേര്‍പെട്ട് ഭൂമിയില്‍ പതിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന സാങ്കതിക വിദ്യയുടെ ആദ്യ പരീക്ഷണം കൂടിയായിരുന്നു മെക്രോസാറ്റ് ആറിന്റേത്.

2019 ജനുവരി 24 ന് മൈക്രോസാറ്റ്- ആര്‍, കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങളെയും വഹിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി -44 ബഹിരാകാശം ലക്ഷ്യമാക്കി കുതിച്ചുയര്‍ന്നു. വിക്ഷേപണത്തിന്റെ പതിമൂന്നാം മിനിറ്റില്‍ തന്നെ റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് മൈക്രോ സാറ്റ് ഭ്രമണ പഥത്തില്‍ എത്തി. കലാംസാറ്റും നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ തന്നെ ഭ്രമണ പഥത്തില്‍ എത്തി. അങ്ങിനെ പുതുവര്‍ഷത്തിലെ ആദ്യ പരീക്ഷണം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒക്ക് കഴിഞ്ഞു.

740 കിലോ ഗ്രാം ഭാരമുള്ള ഗ്രഹമാണ് മൈക്രോസാറ്റ് – ആര്‍. സൈനിക ആവശ്യങ്ങള്‍ക്കായി ഭൂമിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നതാണ് മൈക്രാസാറ്റ് – ആറിന്റെ വിക്ഷേപണത്തിന് പിന്നിലെ ലക്ഷ്യം. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ആവശ്യമായ സെന്‍സറുകളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തന്നെ നിര്‍മ്മിച്ച കൃത്രിമോപഗ്രഹമാണ് കലാംസാറ്റ്. ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ കലാംസാറ്റിന്റെ ഭാരം വെറും 1.26 കിലോ ഗ്രാം മാത്രമാണ്. ചെന്നൈ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്‌പേസ് കിഡ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ കലാംസാറ്റ് നിര്‍മ്മിച്ചത്.

ജിസാറ്റ് 31 ( ഫെബ്രുവരി ആറ്)

ഇന്ത്യയുടെ നാല്പ്പതാമത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് ഫെബ്രുവരി ആറിന് ആണ് വിക്ഷേപിച്ചത്. ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിലെ അരിയാന്‍ ലോഞ്ച് കോംപ്ലക്‌സില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2. 31 ന് വിക്ഷേപിച്ചു. ടെലിവിഷന്‍, ഡിഎസ്എന്‍ജി, ടിടിഎച്ച് തുടങ്ങിയ വിവിധ വാര്‍ത്തവിനിമയ സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ജിസാറ്റ് 31 ന്റെ ലക്ഷ്യം. 2535 കിലോ ഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ കാലാവധി 15 വര്‍ഷമാണ്.

എമിസാറ്റ് ( ഏപ്രില്‍ ഒന്ന് )

ഇരുപത്തി ഒന്‍പത് ഉപഗ്രഹങ്ങള്‍ മൂന്ന് വ്യത്യസ്ത ഭ്രമണ പഥത്തില്‍ എത്തിച്ചാണ് ഐഎസ്ആര്‍ഒ 2019 ഏപ്രില്‍ ഒന്നിന് മറ്റൊരു ചരിത്രം കുറിച്ചത്. ഇന്ത്യന്‍ ഉപഗ്രഹമായ എമിസാറ്റും 28 ഇന്റര്‍നാഷണല്‍ കസ്റ്റമര്‍ ഉപഗ്രഹങ്ങളുമായി ഏപ്രില്‍ ഒന്നിന് രാവിലെ 9.30 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വി സി -45 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു.

പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള എമിസാറ്റിന്റെ ഭാരം 436 കിലോ ഗ്രാം ആണ്. ഇസ്രായോലിന്റെ ചാര ഉപ്രഹമായ സരലിനെ അടിസ്ഥാനമാക്കിയാണ് എമിസാറ്റ് രൂപീകരിച്ചിരിക്കുന്നതത്. മഴ, മഞ്ഞ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിലും തീരപ്രദേശങ്ങള്‍, കര പ്രദേശങ്ങള്‍, വന പ്രദേശങ്ങള്‍ എന്നിവയിലും കാര്യക്ഷമമായി നിരീക്ഷണം നടത്താനും അതിര്‍ത്തികളില്‍ ഉള്ള ശത്രു രാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാനും എമിസാറ്റിന് കഴിയും

റിസാറ്റ് 2 ബി ( മെയ് 22)

ആകാശ നീരീക്ഷണം ശക്തമാക്കുന്നതിനുള്ള പുതിയ പരീക്ഷണത്തിനാണ് ഇന്ത്യ 2019 മെയ് 22 ന് സാക്ഷ്യം വഹിച്ചത്. ഭൗമ നിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിംഗ് വിഭാഗത്തിലെ ഉപഗ്രഹമായ റിസാറ്റ് ബി യുമായി പിഎസ്എല്‍വി സി 46 റോക്കറ്റ് മെയ് 22 ന് പുലര്‍ച്ചെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നു. 615 കിലോ ഗ്രാം ഭാരമുള്ള റിസാറ്റ് ബിയിലെ സിന്തറ്റിക് അപറേച്ചര്‍ മികവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്തും. പാക് അ്ധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിന് സാഹായകമാണ് റിസാറ്റ് ബി.

ചാന്ദ്രയാന്‍ 2 ( ജൂലൈ 22)

പ്രതീക്ഷിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു നാഴികല്ലായിരുന്നു ചന്ദ്രയാന്‍ 2. 2019 ലെ ഐഎസ്ആര്‍ഒയുടെ ദൗത്യങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകവും പ്രധാനപ്പെട്ടതുമായ ദൗത്യം കൂടി ആയിരുന്നു ചന്ദ്രയാന്‍ 2. ജൂലൈ 22 ന് ഉച്ചയ്‌ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രതീക്ഷകളും ചന്ദ്രയാന്‍ 2 നെയും വഹിച്ച് മാര്‍ക്ക് 3 റോക്കറ്റ് ചന്ദ്രനിലേക്ക് കുതിച്ചു പാഞ്ഞു. കൃത്യം 15 മിനിറ്റിനകം പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെടുകയും ആദ്യ സിഗ്നലുകള്‍ ലഭിക്കുകയും ചെയ്തു. അങ്ങിനെ വിക്ഷേപണം വിജയകരമാക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു.

ചന്ദ്രോപരിലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറങ്ങളു ഇടിച്ചിറക്കുന്ന രീതിയ്‌ക്ക് പകരം ഹെലികോപ്ടര്‍ ഇറങ്ങുന്നതിന് സമാനമായ രീതിയിലുള്ള സോഫ്ട് ലാന്റിലംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണം കൂടിയായിരുന്നു ഇത്. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെ കൂടാതെ സോഫ്റ്റ് ലാന്റിംഗ് പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റാന്‍ ചാന്ദ്രയാന്‍ 2 ലൂടെ ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു.

ചന്ദ്രനെ വലംവെയ്‌ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ ( വിക്രം), പര്യവേഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവ അടങ്ങിയതാണ് ചന്ദ്രയാന്‍ 2. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറായി. എന്നാല്‍ അപ്രതീക്ഷിതമായി ചന്ദ്രോപരിതലത്തിന്റെ 2 കിലേമീറ്റര്‍ അകലെ വെച്ച് ലാന്‍ഡറുമായുള്ള ബന്ധം ഐഎസ്ആര്‍ഒയ്‌ക്ക് നഷ്ടപ്പെട്ടു. തുടര്‍ന്ന് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഹാര്‍ഡ് ലാന്റിലംഗ് നടത്തുകയും പ്രതീക്ഷിച്ച രീതിയില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുകയുമായിരുന്നു.

ചാന്ദ്രയാന്‍ ദൗത്യത്തെ പ്രശംസിച്ച് കൊണ്ടു നാസയുള്‍പ്പെടെയുള്ള ബഹിരാകാശ ഗവേഷണ ഏജന്‍സികളും രാജ്യങ്ങളും രംഗത്ത് വന്നിരുന്നു. പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബഹിരാകാശ ഗവേഷണ മേഖലയിലെ മറ്റൊരു പ്രതീക്ഷയായിരുന്നു ചന്ദ്രയാന്‍ 2.

കാര്‍ട്ടോസാറ്റ് 3 ( നവംബര്‍ 27)

ചന്ദ്രയാന്‍ 2 ന് ശേഷം ഐഎസ്ആര്‍ഒ നടത്തിയ സുപ്രധാന ദൗത്യങ്ങളില്‍ ഒന്നായിരുന്നു കാര്‍ട്ടോസാറ്റ് 3. പ്രതിരോധ മേഖലയില്‍ മറ്റൊരു ചരിത്രം കുറിക്കാന്‍ കാര്‍ട്ടോസാറ്റിന്റെ വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 3 ഉള്‍പ്പെടെ 14 ഉപഗ്രഹങ്ങളുമായി നവംബര്‍ 27 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വി 47 ബഹിരാകാശത്തേക്ക് കുതിച്ച് ഉയര്‍ന്നു. പിഎസ്എല്‍വി വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ 13 എണ്ണം അമേരിക്കയുടേത് ആയിരുന്നു. 14 ഉപഗ്രഹങ്ങളും വിജയകരമായി ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു. വിക്ഷേപിച്ച 17 മിനിറ്റിനകം തന്നെ കാര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തില്‍ എത്തി. ഇതിന് പിന്നാലെ 13 ഉപഗ്രഹങ്ങളും ഒന്നൊന്നായി ഉയര്‍ത്തി.

ഭൗമ നിരീക്ഷണ ശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 3. ഭൂമിയില്‍ നിന്നുമുള്ള സൂക്ഷ്മമായ ചിത്രങ്ങള്‍ പകര്‍ത്തുക എന്നതാണ് കാര്‍ട്ടോസാറ്റ് 3 യുടെ വിക്ഷപണ ലക്ഷ്യം. 1625 കിലോ ഭാരമുള്ള ഉപഗ്രഹത്തില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനായുള്ള ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഭൂവിനിയോഗം, നഗരാസൂത്രണം, തീരപരിപാലനം എന്നിവയ്‌ക്കായി ഉപഗ്രഹം പ്രയോജനപ്പെടും.

റിസാറ്റ് 2 ബി ആര്‍ 1 ( ഡിസംബര്‍ 11)

2019 ലെ ഐഎസആര്‍ഒയുടെ അവസന ദൗത്യം ആയിരുന്നു റിസാറ്റ് 2 ബിആര്‍1 .ഐഎസ്ആര്‍ഒയുടെ പടക്കുതിര എന്നറിയപ്പെടുന്ന പിഎസ്എല്‍വി ഉപയോഗിച്ചുള്ള അന്‍പതാമത്തെ ദൗത്യം എന്ന സവിശേഷതയും റിസാറ്റ് 2 ബിആര്‍ 1 നുണ്ട്.

ഡിസംബര്‍ 11 ന് പിഎസ്എല്‍വി സി 48 റോക്കറ്റ് ഉപയോഗിച്ച് റിസാറ്റ് 2 ബി ആര്‍1 ഉം ഒന്‍പത് ഉപഗ്രഹങ്ങളും വിക്ഷേപിച്ചതോടെ പിഎസ്എല്‍വി ഉപയോഗിച്ചുള്ള അന്‍പതാം ദൗത്യം പൂര്‍ത്തിയായി. റഡാര്‍ ഇമേജിംഗ് നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2 ബിആര്‍1 ന് 628 കിലോ ഗ്രാം ആണ് ഭാരം. അഞ്ച് വര്‍ഷമാണ് ഈ ഉപഗ്രഹത്തിന്റെ കാലാവധി. കൃഷി, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങക്കുള്ള പിന്തുണ, വാനനിരീക്ഷണം എന്നിവയ്‌ക്കായും ഉപയോഗിക്കാം. അമേരിക്ക, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് റിസാറ്റ് 2 ബിആര്‍ 1 നൊപ്പം വിക്ഷേപിച്ചത്.

ഭാവി പദ്ധതികള്‍

അടുത്ത വര്‍ഷത്തെ പദ്ധതികള്‍ക്കു കൂടുയുള്ള തുടക്കം കുറിക്കാന്‍ 2019 ല്‍ തന്നെ കഴിഞ്ഞു എന്നതും ഐഎസ്ആര്‍ഒയുടെ വലിയ നേട്ടമാണ്. എസ്ആര്‍ഒ വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ പോകുന്ന രണ്ട് നിര്‍ണ്ണായക പദ്ധതികളാണ് ഗഗന്‍യാനും, ചന്ദ്രയാന്‍ 3ഉം. മുന്‍ ദൗത്യങ്ങളില്‍ നേരിട്ട വെല്ലുവിളികള്‍ മനസ്സിലാക്കിയാകും അടുത്ത വര്‍ഷങ്ങളിലുള്ള ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം. ബഹിരാകാശ ഗവേഷണ മേഖലയില്‍ മറ്റൊരു ചരിത്രമാകും അടുത്ത വര്‍ഷം ഇന്ത്യ കുറിക്കുക എന്നാണ് പ്രതീക്ഷ.

സഞ്ചാരികളെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ദൗത്യമാണ് ഗഗന്‍യാന്‍. 2021 ഡിസംബറോടുകൂടി ദൗത്യം പൂര്‍ത്തിയാക്കാനാണ് ഐഎസ്ആര്‍ഒയുടെ ശ്രമം. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി മൂന്ന് ബഹിരാകാശ യാത്രികരെയാണ് ഇന്ത്യ ബഹിരാകാശത്തേക്ക് എത്തിക്കുന്നത്. ജിഎസ്എല്‍വി മാര്‍ക്ക് 111 റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ആദ്യ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കുന്നതോടെ ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നു കൂടി ഉയരുമെന്ന് ഉറപ്പാണ്.

2020 ല്‍ ഐഎസ്ആര്‍ഒ നടത്തുന്ന സുപ്രധാന ദൗത്യമാണ് ചന്ദ്രയാന്‍ 3. നവംബറോട് കൂടി ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ചന്ദ്രയാന്‍ 2 ലുണ്ടായ വെല്ലുവിളികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാകും ചന്ദ്രയാന്‍ 3 നടപ്പിലാക്കുക. ചന്ദയാന്‍ 2ല്‍ നിന്നും വ്യത്യസ്തമായി ലാന്‍ഡറും റോവറും മാത്രമാകും ചന്ദ്രയാന്‍ 3 ല്‍ ഉണ്ടായിരിക്കുക എന്നാണ് സൂചന. ചന്ദ്രയാന്‍ 3 വിജയകരമായി പൂര്‍ത്തിയാക്കുന്നതിലൂടെ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാകും ഇന്ത്യ നല്‍കുക.

ഇവയ്‌ക്ക് പുറമേ ആദിത്യ മിഷന്‍ വീനസ് മിഷന്‍ എന്നിവയും ഐസ്ആര്‍ഒയുടൈ മറ്റ് ദൗത്യങ്ങള്‍ ആണ്. ഇവയ്‌ക്കായുള്ള പ്രവര്‍ത്തനങ്ങളും 2019 ല്‍ ഐഎസ്ആര്‍ഒ ആരംഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളിലായി നടത്തുന്ന ദൗത്യങ്ങളിലൂടെ ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാകുമെന്ന് ഉറപ്പാണ്. സമീപ ഭാവിയില്‍ ബഹിരാകാശ ഗവേഷണത്തിനായി ഐഎസ്ആര്‍ഒയുടെ വാതിലില്‍ സഹായത്തിനായി മറ്റ് രാജ്യങ്ങള്‍ മുട്ടിവിളിയ്‌ക്കുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാകുക.

 

 

 

Share
Leave a Comment