കോഴിക്കോട്: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആഭരണങ്ങള്‍ സ്ഥിരമായി മോഷ്ടിച്ചിരുന്നയാള്‍ പിടിയില്‍. ‘ഹ്യുണ്ടായി അനസ്’ എന്ന് അറിയപ്പെടുന്ന ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശി അനസിനെയാണ് പോലീസ് പിടികൂടിയത്.
പന്തീരാങ്കാവ് പോലീസും സിറ്റി സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായാണ് അനസിനെ പിടികൂടിയത്. നിരവധി വീടുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും പോലീസ് പിടികൂടുമോ എന്ന ഭയത്താല്‍ ഇവ പുഴയിലും മറ്റും ഉപേക്ഷിക്കുന്നത് ഇയാളുടെ പതിവായിരുന്നു. മോഷ്ടിച്ചു കിട്ടുന്ന പണം ഉപയോഗിച്ച് ഗോവ, മുംബൈ എന്നിവിടങ്ങളില്‍ പോകുകയും മയക്കുമരുന്ന് ഉപയോഗത്തിന് ചെലവഴിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വീടിന്റെ ടെറസ് വഴി അകത്ത് കടന്നും ജനല്‍ വഴിയുമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം കുറ്റിക്കാട്ടൂരിനടുത്ത് ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തു കൊണ്ട് പോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളഞ്ഞിരുന്നു. രാത്രി കാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ശീലമായിരുന്നു മോഷണത്തിലേക്ക് തിരിയുവാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു. മുന്‍പും നിരവധി മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നൂറോളം കേസുകള്‍ നിലവിലുണ്ട്.
പന്തീരാങ്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു. കെ. ജോസ്, സബ് ഇന്‍സ്പെക്ടര്‍ വി.എം ജയന്, എസ്.ഐ മുരളീധരന്, ഉണ്ണി, സിറ്റി സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.