തിരുവനന്തപുരം: ഐഎഎസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ കേസെടുത്തത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. സംഭവത്തില്‍ ആസിഫിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. ആസിഫ് ഹാജരാക്കിയ രേഖ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
സംവരണം ആനുകൂല്യം വഴി ഐഎഎസ് ലഭിക്കാന്‍ ആസിഫ് കെ യൂസഫ് വരുമാനം കുറച്ചു കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റ് യുപിഎസ്സിക്ക് നല്‍കിയെന്നാണ് പരാതി. ക്രീമിലയര്‍ ഇതര വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കാനാണ് വ്യാജ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ കണ്ടെത്തിയത്. കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.
കുടുംബം ആദായനികുതി അടക്കുന്നത് മറച്ചുവച്ച് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഉദ്യോഗാര്‍ത്ഥിയെന്ന് തെളിക്കാന്‍ ക്രീമിലെയര്‍ ഇതരവിഭാഗത്തില്‍പ്പെടുന്ന സര്‍ട്ടിഫിക്കറ്റാണ് ആസിഫ് യുപിഎസ്സിക്ക് നല്‍കിയത്. 2015ല്‍ ആസിഫ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന് 1.8 ലക്ഷം വരുമാനം രേഖപ്പെടുത്തിയാണ് കണയന്നൂര്‍ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ ആസിഫിന്റെ കുടുംബം ആദായ നികുതി അടക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 2015ല്‍ കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയിട്ടുള്ള രേഖകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.