കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാനുള്ള മൂന്നാം വട്ട ചര്‍ച്ച ആരംഭിച്ചു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റേയും തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടേയും സാന്നിദ്ധ്യത്തിലാണ് ചര്‍ച്ച.
മുത്തൂറ്റില്‍ നിന്നും പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ട് സി ഐ ടി യു യൂണിയന്‍ നേതൃത്വത്തില്‍ ഏറെ കാലമായി സമരത്തിലാണ്. ഹൈക്കോടതി നിയോഗിച്ച മദ്ധ്യസ്ഥന്റെ സാന്നിദ്ധ്യത്തില്‍ ഇക്കഴിഞ്ഞ പതിനാലാം തീയ്യതിയാണ് ആദ്യ ചര്‍ച്ച നടന്നത്. എന്നാല്‍ അത് പരാജയപ്പെട്ടതോടെ ജനുവരി 20 ന് വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയും സമവായമാകാതെ പിരിഞ്ഞതോടെയാണ് ഇന്ന് വീണ്ടും ചര്‍ച്ച നടന്നത്.
ഹൈക്കോടതി മദ്ധ്യസ്ഥന്റെ നിര്‍ദ്ദേശാനുസരണമാണ് ഈ മാസം 29 ന് ഒരിക്കല്‍ കൂടി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. 166 ജീവനക്കാരെയാണ് മുത്തൂറ്റ് പിരിച്ചുവിട്ടത്. അനാവശ്യ സമരങ്ങളാണ് ബ്രാഞ്ചുകള്‍ പൂട്ടാനിടയാക്കിയതെന്നും, അതുകൊണ്ട് ജീവനക്കാരെ കുറയ്‌ക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നുമായിരുന്നു മുത്തൂറ്റിന്റെ നിലപാട്.