നിര്‍ഭയ കേസ് ; പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാല സെഷന്‍സ് കോടതിയുടെ ഉത്തരവ് ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി; വധശിക്ഷ നേരത്തെ നടപ്പാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചില്ല

Published by
Janam Web Desk

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികളുടെയും ശിക്ഷ ഒരുമിച്ച് നടപ്പിലാക്കണമെന്നും കോടതി അറിയിച്ചു. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ഭയ കേസില്‍ വധശിക്ഷ സ്റ്റേ ചെയ്ത വിധിക്കെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുകയായിരുന്നു ഹൈക്കോടതി. ഇതോടെ പ്രതികളുടെ വധശിക്ഷ ഇനിയും വൈകുമെന്നാണ് സൂചന.

എല്ലാ പ്രതികളും ക്രൂരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. വധശിക്ഷ സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. ഇനിയുള്ള ഏഴുദിവസങ്ങള്‍ പ്രതികളുടെ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കമുള്ള അവകാശങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.

നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നത്. ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാല കോടതി വിധിക്കെതിരെ കേന്ദ്രം ഹര്‍ജി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Share
Leave a Comment