ന്യൂഡൽഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കാനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ്പ് സൂപ്പർ ഹിറ്റാ യിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഫ്രീ ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാമതെത്തിയിരുന്നു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.
ലോഞ്ച് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിലാണ് ആരോഗ്യ സേതു ആപ്പ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതുവരെ 10 മില്യൺ ആളുകളാണ് പ്ലേ സ്റ്റോറിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. ആപ്പിന് എട്ട് മില്യണിന് അടുത്ത് ഇൻസ്റ്റാളുകൾ ലഭിച്ച വിവരം നീതി ആയോഗിലെ അർണബ് കുമാർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭിക്കും. ഇന്ത്യയിലെ 11 ഭാഷകൾ ആരോഗ്യ സേതു ആപ്പിൽ ലഭ്യമാണ്. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച് തുടങ്ങാം. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റുകളും തത്സമയം ലഭിക്കുന്നതാണ്.