ചണ്ഡീഗഡ് : കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി ഹരിയാന സർക്കാർ. കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം ഇരട്ടിയാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. ഹരിയാനയിലെ എല്ലാ ജില്ലകളിലും പ്രത്യേക കൊറോണ ആശുപത്രികൾ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർവകക്ഷി യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഡോക്ടർമാർ, നഴ്സുമാർ , ക്ലാസ് നാല് ജീവനക്കാർ , ലാബ് ജീവനക്കാർ തുടങ്ങി ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഇരട്ടി ശമ്പളം നൽകാനാണ് തീരുമാനം. കൊറോണ രോഗികളെ ചികിത്സിക്കേണ്ടിവരുന്ന സമയത്തെല്ലാം ഇരട്ടി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
നിലവിൽ 170 കേസുകളാണ് ഹരിയാനയിൽ കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും തബ്ലീഗ് ജമാ അത്തെ വിഭാഗവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. തബ്ലിഗിനു സ്വാധീനമുള്ള നുഹ് ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത്.