ഗുവാഹട്ടി: കൊറോണ പ്രതിരോധത്തിനായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത സുരക്ഷാ ഉപകരണങ്ങള്‍ അസം സര്‍ക്കാര്‍ ഉപയോഗിക്കില്ല. ഗുണനിലവാര പ്രശ്‌നം നിരവധിപേര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് വരുത്തിച്ച സുരക്ഷാ വസ്തുക്കളെല്ലാം മാറ്റിവയ്‌ക്കാന്‍ തീരുമാനമെടുത്തതെന്ന് ആരോഗ്യവകുപ്പറിയിച്ചു.
ആരോഗ്യ രക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷ പരമപ്രധാനമാണ്. അതിനാല്‍ ചൈനയില്‍ നിന്നും വരുത്തിച്ച 50,000 വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ആരോഗ്യവകുപ്പ് എത്തിച്ചേര്‍ന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ഹിമാന്താ ബിസ്വ സര്‍മ വ്യക്തമാക്കി.
സംസ്ഥാനത്തെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ഭാഗത്തുനിന്നാണ് സുരക്ഷാപരമായ സംശയം ഉടലെടുത്തത്. അവരുടെ മാനസികാവസ്ഥ തങ്ങള്‍ കണക്കിലെടുക്കുന്നു. അവരുടെ ആത്മവിശ്വാസം തര്‍ക്കുന്ന ഒന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചൈനയിലെ ഗുവാന്‍ഷൂവില്‍ നിന്നാണ് സാധനങ്ങള്‍ വരുത്തിച്ചതെന്നും ആരോഗ്യവകുപ്പ് മന്ത്രി ഹിമാന്താ ബിസ്വ സര്‍മ പറഞ്ഞു.















