കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ നടപടിയുടെ പൊരുത്ത ക്കേടില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ഇതുവരെ സംസ്ഥാനത്തെ കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ രണ്ടംഗ പ്രതിനിധി സംഘത്തെ അയച്ചു. ഇന്നലെ മാത്രം 54 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വിദഗ്ധസംഘം സ്ഥിതിഗതികള്‍ നേരിട്ടുമനസ്സിലാക്കാന്‍ എത്തിയത്. പ്രതിരോധവകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി അപൂര്‍വ ചന്ദയും മാനവശേഷി വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി വിനീത് ജോഷിയുമാണ് കൊല്‍ക്കത്തയിലെത്തിയത്. എന്നാല്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്രസംഘം വരേണ്ടതില്ല എന്ന നിലപാടിലാണ് മമതാ ബാനര്‍ജി.
കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികള്‍ക്ക് സംസ്ഥാനത്ത് യഥേഷ്ടം യാത്രചെയ്യാവുന്ന അന്തരീക്ഷമല്ല നിലവിലുള്ളത്. തങ്ങള്‍ കേന്ദ്രം ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുന്നേ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനമാണെന്ന ന്യായീകരണമാണ് മമത നിരത്തുന്നത്. തന്നോട് കേന്ദ്ര ആരോഗ്യമന്ത്രി ഫോണില്‍ സംസാരിക്കുമ്പോഴേക്കും കേന്ദ്രസംഘം സംസ്ഥാനത്ത് വിമാനമിറങ്ങിയത് തന്നെ ഞെട്ടിച്ചുവെന്നും മമത ആരോപിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി സുരക്ഷാ സേനയുടെ ഭാഗമായ ബി. എസ്. എഫും സീമാ സുരക്ഷാ ബലിന്റെ വിഭാഗങ്ങളും കൊല്‍ക്കത്തയില്‍ വന്നിറങ്ങിയതും മമതയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.