കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഭാഗീകമായ ഇളവുകള്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തന നിയന്ത്രണത്തില്‍ വരുത്തി എറണാകുളം ജില്ല ഭരണകൂടം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാ കളക്ടര്‍ സുഹാസാണ് വിവരങ്ങള്‍ കൈമാറിയത്. റെഡ് സോണില്‍ പൂര്‍ണ്ണമായ നിയന്ത്രണം നിലനില്‍ക്കുമെന്നറിയിച്ച കളക്ടര്‍ ഓറഞ്ച് സോണില്‍
അനുവദിക്കുന്ന ഇളവുകള്‍ പ്രത്യേകമായി അറിയിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയില്‍ ആയുഷ് അടക്കമുള്ള സേവന വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം മെഡിക്കല്‍ ലബോറട്ടറികള്‍, കളക്ഷന്‍ സെന്ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ച് ലാബുകള്‍, കോവിഡ് ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
വെറ്ററിനറി ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ക്ലിനിക്കുകള്‍, പതോളജി ലാബുകള്‍ , മരുന്നുകളുടെയും വാക്‌സിനുകളുടെയും വിതരണം, വില്‍പന, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍ പ്രൊവൈഡര്‍മാര്‍ അടക്കമുള്ള അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
മരുന്ന് ഉല്പാദനമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സര്‍വീസുകള്‍, ആരോഗ്യ രംഗത്തെ നിര്‍മ്മാണ പ്രവൃത്തികൾ, ആംബുലന്‍സ് നിര്‍മ്മാണ മേഖല ഉള്‍പ്പടെയുള്ളവര്‍ക്കും പ്രവര്‍ത്തിക്കാം. മുഴുവന്‍ ആരോഗ്യ, വൈറ്റിനറി പ്രവര്‍ത്തകര്‍, ഗവേഷകര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ലാബ് ടെക്‌നീഷ്യന്മാര്‍, മിഡ് വൈഫുകള്‍, ആശുപത്രി സര്‍വീസുകാര്‍ എന്നിവര്‍ക്കും ആശുപത്രിയുമായി ബന്ധപ്പെട്ട ആംബുലന്‍സ് അടക്കമുള്ള സേവനങ്ങള്‍ക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും യാത്ര ചെയ്യാം. ഇതോടൊപ്പം രോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താം.
ജില്ലയിലെ കാര്‍ഷിക മേഖലകളില്‍ കൃഷിക്കാര്‍ക്കും വിവിധ കൃഷിപ്പണികള്‍ ചെയ്യുന്നവര്‍ക്കും കാര്‍ഷിക വൃത്തിയിലേര്‍പ്പെടാമെന്ന് കളക്ടര്‍ അറിയിച്ചു. കാര്‍ഷിക വിളകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന (സംഭരണം, മാര്‍ക്കറ്റിംഗ്, വില്‍പന ) ഏജന്‍സികള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. കൃഷി വികസനവും കര്‍ഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട്പ്രവര്‍ത്തിക്കുന്ന സഹകരണ സൊസൈറ്റികള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ടാകും. കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ ( സപ്ലൈ ചെയ്ന്‍ അടക്കം), അറ്റകുറ്റപണികള്‍ നടത്തുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. കാര്‍ഷികയന്ത്രങ്ങളുമായി ബന്ധപ്പെട്ട കസ്റ്റം ഹയറിംഗ് സെന്ററുകള്‍ക്കും പ്രവര്‍ത്തിക്കാം. കമ്പോസ്റ്റ് അടക്കമുള്ള ജൈവവളങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍ , രാസവളങ്ങള്‍ എന്നിവയുടെ ഉല്പാദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കൊയ്‌ത്തുയന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള കാര്‍ഷികയന്ത്രങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടു പോകാം.
സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളും, പാചക എണ്ണകള്‍ , വെളിച്ചെണ്ണ എന്നിവയുടെ ഉല്പാദനവും വിതരണവും നടത്താം. പഴം, പച്ചക്കറികള്‍ വിതരണം ചെയ്യാം. അരി മില്ലുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യധാന്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. മഴക്കാല പൂര്‍വ്വ കാര്‍ഷിക മുന്നൊരുക്കങ്ങള്‍ നടത്താം. വനമേഖലയുമായി ബന്ധപ്പെട്ട് പട്ടിക വർഗ്ഗ വിഭാഗക്കാർക്കും മറ്റ് വനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും മരത്തടി ഒഴികെയുള്ള വന ഉല്പന്നങ്ങള്‍ ശേഖരിക്കുകയും , സംസ്‌കരിക്കുകയും ചെയ്യുന്നതിനുള്ള അനുമതിയുണ്ടാകും.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഇളവുകളാണ് മറ്റൊരു നിര്‍ദ്ദേശമായി നല്‍കിയിരിക്കുന്നത്. മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ അതായത് മത്സ്യ തീറ്റ നിര്‍മ്മാണം, മീന്‍ പിടുത്തം, സംസ്‌കരണം, പാക്കിംഗ്, കോള്‍ഡ് ചെയ്ന്‍, വിപണനം എന്നിവക്ക് പ്രവര്‍ത്തിക്കാം. ഹാച്ചറികള്‍, മത്സ്യ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍, വ്യാവസായിക അക്വാറിയകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. മത്സ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ( മത്സ്യ കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പ്രവര്‍ത്തികള്‍ ) ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.
തോട്ടകൃഷി മേഖലകളില്‍ ചായ, കോഫി, ഏലയ്‌ക്ക, റബ്ബര്‍, തോട്ടങ്ങളില്‍ 50 ശതമാനം ജോലിക്കാര്‍ക്ക് ജോലികള്‍ ചെയ്യാം. ഇതിന്റ സംസ്‌കരണ യൂണിറ്റുകളിലും 50 ശതമാനം ജോലിക്കാര്‍ക്ക് പങ്കെടുക്കാം. മുള, തേങ്ങ, അടക്ക, കൊക്കോ, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ വിപണനവും അനുബന്ധ പ്രവര്‍ത്തികളും നടത്താമെന്നും കളക്ടര്‍ അറിയിച്ചു.
മൃഗസംരക്ഷണമേഖലയിലെ ഇളവുകളുമായി ബന്ധപ്പെട്ട് പാല്‍ , പാല്‍ ഉല്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ നടത്താം. കോഴി വളര്‍ത്തല്‍ കേന്ദ്രം ഉള്‍പ്പടെയുള്ള മൃഗസംരക്ഷണ യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മൃഗങ്ങള്‍ക്കുള്ള ഭക്ഷണ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ ചോളം സോയ , മറ്റ് വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താം. മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. പോള്‍ട്രി ഉല്പന്നങ്ങളുമായി യാത്ര ചെയ്യാം. സാമ്പത്തികമേഖലയിലെ പ്രവര്‍ത്തിക്കേണ്ടവയില്‍ എന്‍.പി.സി.ഐ, സി.സി.ഐ.എല്‍, പേയ്‌മെന്റ് സിസ്റ്റം ഓപറേറ്റേഴ്‌സ്, സര്‍ക്കാരിനു കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്കു പ്രവര്‍ത്തിക്കാം. ബാങ്ക് ശാഖകള്‍, എ.ടി.എം, ഐ.ടി.വെന്‍ഡര്‍മാര്‍, ബാങ്കിംഗ് കറസ്‌പോണ്ടന്‍സ്, എ.ടി.എം ഓപറേഷന്‍, ക്യാഷ് മാനേജ്‌മെന്റ് ഏജന്‍സികള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം. മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കുറച്ച് ജീവനക്കാരെ മാത്രം ഉപയോഗിച്ച് അത്യാവശ്യകാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
സര്‍ക്കാര്‍ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യം പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്റ് എമര്‍ജന്‍സി, ദുരന്ത നിവാരണം, ജയില്‍ , ലീഗല്‍ മെട്രോളജി, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കും. മറ്റ് വകുപ്പുകള്‍ നിയന്ത്രിത സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കും. ജില്ലാ ഭരണകൂടം, ട്രഷറി, അക്കൗണ്ടന്റ് ജനറലുകളുടെ ഫീല്‍ഡ് ഓഫീസുകള്‍ എന്നിവ നിയന്ത്രിതമായി പ്രവര്‍ത്തിക്കും. 35 ശതമാനം ഹാജര്‍ നിലയില്‍ പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ഫോറസ്റ്റ് ഓഫീസുകള്‍, മൃഗശാല, നഴ്‌സറികള്‍, വന്യജീവി സങ്കേതങ്ങള്‍ പട്രോളിംഗ് തുടങ്ങിയവക്ക് അനുമതിയുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.