ഹൈദരാബാദ്: രാജ്യം ലോക്ഡൗണിലാണെങ്കിലും തന്റെ മുന്നിലെത്തിയ രോഗിയെ സംരക്ഷിച്ച പോലീസുദ്യോഗസ്ഥന് അഭിന്ദന പ്രവാഹം. ആന്ധ്രപ്രദേശിലെ കുകാത്പ്പള്ളിയെ പോലീസ് ഇന്‍സ്‌പെക്ടറാണ് കാരുണ്യത്തിന്റെ പ്രതിരൂപമായത്. ഹിമാചല്‍ പ്രദേശുകാരനായ 30 വയസ്സുകാരന്‍ ലലിത് കുമാറിനാണ് ലക്ഷ്മീ നാരായണ റെഡ്ഡി സഹായവുമായെത്തിയത്. ലലിതിനെ ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്കായുള്ള 20,000 രൂപ തന്റെ കയ്യില്‍ നിന്നും അടച്ചുമാണ് റെഡ്ഡി മാതൃകയായത്.
ലക്ഷ്മീ നാരായണ റെഡ്ഡിയുടെ സമാനതകളില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് രാം ഠാക്കൂര്‍ നന്ദി അറിയിച്ചുകൊണ്ടുള്ള കത്തയച്ചു. കൂടാതെ ഹിമാചല്‍ ഗവര്‍ണറും ആന്ധ്രാ സ്വദേശിയുമായ ബന്ദാരൂ ദത്താത്രേയയും അഭിനന്ദനം അറിയിച്ചു.
ഹൈദ്രാബാദിലെ മെട്രോ റെയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ക്രെയിന്‍ ഡ്രൈവറാണ് ലലിത്. ഏപ്രില്‍ 16ന് അപ്പൻഡിക്സ് രോഗം കാരണം അടിവയറ്റില്‍ കടുത്ത വേദനകാരണം താമസ സ്ഥലത്ത് കുഴഞ്ഞുവീണ ലലിതിനെ സഹപ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് എത്തിച്ചത്. ലോക്ഡൗണില്‍ വാഹനങ്ങളില്ലാത്തതിനാല്‍ ഉടന്‍ ലക്ഷ്മീനാരായണ റെഡ്ഡി നേരിട്ട് കാര്യങ്ങള്‍ ഏറ്റെടുത്താണ് അടിയന്തിര ചികിത്സ തരപ്പെടുത്തിയത്.















