മുംബൈ : മഹാരാഷ്‌ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായിരം കടന്നു. 8,066 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് മഹാരാഷ്‌ട്രയില്‍ 440 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് രോഗികളുടെ എണ്ണം എട്ടായിരം കടന്നത്.
കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് 19 പേര്‍ ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 342 ആയി. 112 പേര്‍ കൂടി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 1,188 ആയി.
മഹാരാഷ്‌ട്രയില്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ 80 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തി ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. പെട്ടെന്ന് സമൂഹത്തില്‍ നിന്നും വിട്ടു പോകുന്ന ഒന്നല്ല കൊറോണ വൈറസ്. അതിനാല്‍ പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകുകയാണ് വേണ്ടത്. എല്ലാവരും മാസ്‌ക്് ധരിക്കണം. പൊതുയിടങ്ങളില്‍ കൂട്ടം കൂടാതെ ഇരിക്കുക. വീടുകളില്‍ വ്യായാമം ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണം. ആരും സ്വയം ചികിത്സ നടത്തരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ഇനി വരുന്ന മാസങ്ങള്‍ ഏറെ നിര്‍ണ്ണായകം ആണ്. സംസ്ഥാനത്തോടുള്ള ഉത്തരവാദിത്വം നമ്മളില്‍ നിക്ഷിപ്തമാണ്. ഇത് ക്ഷമയോടെ കളിക്കേണ്ട ഒരു കളിയാണ്. കൊറോണ വൈറസിനെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.