ന്യൂഡല്‍ഹി: കൊറോണ പ്രതിരോധവും ചികിത്സയും ശക്തമാക്കുന്നതിന്റെ ഭാഗമായി 50,000 അത്യാധുനിക വെന്റിലേറ്ററുകള്‍ വാങ്ങിക്കുവാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ കൊറോണ ചികിത്സകളെ സംബന്ധിച്ച് വന്ന് പൊതു താല്‍പ്പര്യ ഹര്‍ജിക്കുള്ള മറുപടിയിലാണ് പുതിയ വെന്റിലേറ്ററുകള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞതായി അറിയിച്ചത്. ആരോഗ്യപരിരക്ഷാ നയത്തിന്റെ ഭാഗം എന്ന നിലയില്‍ നിലവില്‍ 52094 വെന്റിലേറ്ററുകളാണ് വിദേശത്തുനിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഇതില്‍ 10,500 എണ്ണം ഈ മാസം 30നുള്ളില്‍ രാജ്യത്തെത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
10,500 വെന്റിലേറ്ററുകള്‍ ഏപ്രില്‍ 30ഓടെ വിദേശത്തുനിന്നും എത്തിച്ചേരും. രണ്ടാം ഘട്ടം എന്ന നിലയില്‍ 18000 എണ്ണം മെയ്മാസം 30നും 20,000 എണ്ണം ജൂണ്‍ മാസം 30നും എത്തും. പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യവകുപ്പ് 2,83,910 വ്യക്തിഗതസുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും വിതരണം ചെയ്തു. അതീവ സുരക്ഷാ എന്‍95 മാസ്‌കുകള്‍ 20,52,417 എണ്ണവും ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്ക് നല്‍കി’ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
രാജ്യത്തെ ആവശ്യം പരിഗണിച്ച് സുരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി നിരോധിച്ചി രിക്കുകയാണെന്നും 39 തദ്ദേശീയ നിര്‍മ്മാണ കേന്ദ്രങ്ങളെ കണ്ടെത്തി പ്രവര്‍ത്തനം തടസ്സമില്ലാതെ നടത്താനുള്ള സഹായങ്ങള്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 15000 കോടി രൂപയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി നീക്കിവച്ചിരിക്കുന്നതെന്നും കോടതിയെ അറിയിച്ചു. കര്‍ഷകര്‍ക്കായി 1.70 ലക്ഷം കോടിരൂപയുടെ സഹായധനം പ്രധാനമന്ത്രി ധാന്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കര്‍ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ബോധ്യപ്പെടുത്തി.