മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമുകളായി വിശേഷിപ്പിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും പോരാടുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്നത് സച്ചിന്‍ മഗ്രാത്ത് ഏറ്റുമുട്ടലുകളായിരുന്നു. എതിരാളിയുടെ സകല ദൗര്‍ബല്യവും മനസ്സിലാക്കി പന്തെറി ഞ്ഞിരുന്ന ലോകോത്തര ബൗളര്‍ എന്നും മുട്ടുമടക്കിയിട്ടുള്ളതും സച്ചിന്റെ മുന്നില്‍ മാത്രം.
ലോക്ഡൗണ്‍ കാലത്ത് മഗ്രാത്തിനെ വട്ടംകറക്കിയ തന്ത്രങ്ങള്‍ സച്ചിന്‍ സ്വയം ആരാധകര്‍ക്കായി പങ്കുവച്ചത് കായിക മാദ്ധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. 1999ലെ ഇന്ത്യയുടെ ഓസ്‌ട്രേ ലിയന്‍ പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റിലെ സംഭവങ്ങളാണ്. സ്വന്തം മണ്ണില്‍ ഗ്ലെന്‍ മഗ്രാത്തെന്ന പേസ് ബൗളര്‍ ഏറെ അപകടകാരിയായി മാറുമെന്നറിഞ്ഞു തന്നെ സച്ചിന്‍ മികച്ച തന്ത്രങ്ങളാണ് എതിരാളിയെ മാനസികമായി തകര്‍ക്കാന്‍ പുറത്തെടുത്തതെന്നും സച്ചിന്‍ വ്യക്തമാക്കി.
ആദ്യടെസ്റ്റിലെ ആദ്യദിനത്തിലെ അവസാന 40 മിനിറ്റിലാണ് ചില ശക്തമായ പോരാട്ടങ്ങള്‍ ഇരുവരും പുറത്തെടുത്തത്. മഗ്രാത്ത് തനിക്കെതിരെ ആറു മെയ്ഡന്‍ ഓവറുകളെറിയുന്നതില്‍ വിജയിച്ചു നില്‍ക്കുന്ന സമയം. തന്നെ പരമാവധി പ്രകോപിപ്പിക്കുക. അടിക്കാന്‍ പറ്റാത്തവിധം പന്തെറിയുക. മുക്കാല്‍ശതമാനം പന്തുകളും വിക്കറ്റ് കീപ്പറായ ഗില്‍ക്രിസ്റ്റിന്റെ കയ്യിലൊതുങ്ങി. ബാറ്റിന് നേരം പന്തെറിയുന്നേയില്ല. ഓഫ് സൈഡിന് പുറത്തുള്ള ഒരു പന്തുപോലും തൊടില്ലെന്ന് താനും തീരുമാനിച്ചതായി സച്ചിന്‍ ഓര്‍മ്മിച്ചു. ചില നല്ല പന്തുകളെ താന്‍ അഭിനന്ദിച്ചു. ഒപ്പം മഗ്രാത്തിനോട് പറഞ്ഞു.’ നല്ല പന്ത്. ഇനി അടുത്തതെറിഞ്ഞോളൂ. താനിവിടെ തന്നെയുണ്ട്’ ആ ദിനത്തില്‍ ഓസ്‌ട്രേലിയന്‍ തന്ത്രത്തില്‍ വീഴാതിരുന്ന താന്‍ പിറ്റേദിവസം രാവിലെ അതേ മഗ്രാത്തിനെ അതിര്‍ത്തി പലവട്ടം കടത്തിയ ഷോട്ടുകളാണ് പായിച്ചതെന്നും ചൂണ്ടിക്കാട്ടി.