വെല്ലിംഗ്ടണ്‍: ന്യൂസിലാന്റ് ക്രിക്കറ്റ് രംഗത്തെ പരമോന്നത ബഹുമതിയായ സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലീ ബഹുമതി മധ്യനിര ബാറ്റ്‌സ്മാനും മുന്‍നായകനുമായി റോസ് ടെയ്‌ലര്‍ക്ക്. ഇത് മൂന്നാം തവണയാണ് ടെയ്‌ലര്‍ ഇതേ ബഹുമതി സ്വന്തമാക്കുന്നത്. 10 വര്‍ഷത്തെ ഇടവേളക്കിടെ മൂന്ന് തവണ ഒരേ ബഹുമതി സ്വന്തമാക്കുന്ന അന്താരാഷ്‌ട്ര ക്രിക്കറ്റ് താരം എന്ന നേട്ടവും ഇതോടെ ടെയ്‌ലറുടേതായി. ഇന്ന് നടക്കുന്ന ചടങ്ങില്‍ മെഡല്‍ മുന്‍ ന്യൂസിലാന്റ് ക്രിക്കറ്റ് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലി തന്നെ സമ്മാനിക്കും.
സീസണില്‍ ഏറ്റവുമധികം റണ്‍സ് ടെസ്റ്റില്‍ നേടി മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ റെക്കോഡ് തിരുത്തിയ ടെയ്‌ലര്‍ ക്രിക്കറ്റിന്റെ മൂന്ന് വിഭാഗത്തിലുമായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്ററെന്ന നേട്ടവും സ്വന്തമാക്കി. സീസണില്‍ 1389 റണ്‍സ് ടെസ്റ്റിലും ഏകദിനത്തിലും ടി20കളിലുമായി 36 കാരനായ ടെയ്‌ലര്‍ അടിച്ചുകൂട്ടിക്കഴിഞ്ഞു. അവാര്‍ഡിന് പരിഗണിക്കപ്പെട്ട മാസങ്ങളില്‍ മാത്രം 32 അന്താരാഷ്‌ട്ര മത്സരങ്ങളിലാണ് ടെയ്‌ലര്‍ രാജ്യത്തിനായി കളിച്ചിരിക്കുന്നത്.
ബഹുമതി പ്രഖ്യാപിച്ച ശേഷം റിച്ചാര്‍ഡ് ഹാഡ്‌ലി നേരിട്ട് തന്റെ പ്രീയ താരത്തെ വീഡിയോയിലൂടെ അഭിനന്ദനവും അറിയിച്ചു. ‘ താങ്കളുടെ ക്രിക്കറ്റ് ജീവിതം 2006 മുതല്‍ നിരീക്ഷിക്കുന്നയാളാണ് ഞാന്‍.ടീമിലേക്ക് തിരഞ്ഞെടുക്കുന്നതില്‍ അന്ന് ഞാനും ഭാഗമായി എന്നതില്‍ ഏറെ അഭിമാനിക്കുന്നു. കഴിഞ്ഞ 14 വര്‍ഷം കൊണ്ടുള്ള വളര്‍ച്ച കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. നിങ്ങളെന്നും ഒരു അതിശയിപ്പിക്കുന്ന ക്രിക്കറ്ററാണ്. ഈ നേട്ടങ്ങള്‍ക്ക് നിങ്ങളെ പ്രാപ്തനാക്കിയ ന്യൂസിലാന്റിലെ ജനങ്ങള്‍ക്കും ലോകത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു’ ഹാഡ്‌ലി തന്റെ അനുമോദനമായി വീഡിയോയിലൂടെ പറഞ്ഞു.
കളിക്കളത്തിലെ ഏറ്റവും സൗമ്യപ്രകൃതക്കാരില്‍ ഒരാളായ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അറിയപ്പെടുന്ന ടെയ്‌ലര്‍ ഏതു വിഷമഘട്ടത്തിലും ടീമിനെ ജയിപ്പിക്കുന്ന താരമെന്ന നിലയില്‍ ഏറെ മ്യൂല്യമുള്ള താരവുമാണ്. കയ്യെത്തും ദൂരത്തുനിന്നും ഏകദിന ലോകകപ്പ് കിരീടം നഷ്ടപ്പെട്ട ദു:ഖം മറക്കാനാകില്ലെന്ന് ബഹുമതി ലഭിച്ച വാര്‍ത്ത കേട്ട ടെയ്‌ലര്‍ സ്വന്തം നാട്ടിലെ ക്രിക്കറ്റ് ആരാധകരോടുള്ള നന്ദിയും പറഞ്ഞു.















