ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന് നിര്‍ണ്ണായകമായ പ്ലാസ്മ തെറാപ്പിയുടെ രണ്ടാം ഘട്ട പരീക്ഷണത്തിന് തുടക്കമായി. ആരോഗ്യരംഗത്തെ സുപ്രധാന ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആറാണ് രണ്ടാം ഘട്ട പ്ലാസ്മ പരീക്ഷണവും ആരംഭിച്ചിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായിട്ടാണ് രോഗമുക്തരായവരുടെ പ്ലാസ്മാ ശേഖരണവും കുത്തിവയ്‌ക്കുന്ന പരീക്ഷണവും നടത്തുന്നത്. പ്ലാസ്മാ ചികിത്സയുടെ സുരക്ഷയും കൊറോണക്കെതിരെ എത്രകാലം ഫലപ്രദമായിരിക്കും എന്നീ പരീക്ഷണം നടത്തുന്നത് 452 പേരിലാണെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.
നിയന്ത്രിതമായ പരീക്ഷണ ഘട്ടങ്ങള്‍ നടത്താന്‍ ചികിത്സിക്കേണ്ടവരുടെ അനുമതിയോടെയാണ് 452 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ചികിത്സാ പരീക്ഷണത്തിന് സംവിധാനമൊരുക്കിയ 111 സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 21 സ്ഥാപനങ്ങളില്‍ മാത്രമാണ് പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. പ്ലാസ്മാ തെറാപ്പി എന്ന ചികിത്സ നടത്തുന്നത് കൊറോണ ചികിത്സിച്ച് ഭേദമായവരുടെ രക്തത്തില്‍ നിന്നും വേര്‍തിരിച്ച പ്ലാസ്മ ഉപയോഗിച്ചാണ്. ഇത്തരം പ്ലാസ്മ നിലവില്‍ ചികിത്സയിലിരിക്കുന്ന കൊറോണ രോഗികളില്‍ കുത്തിവക്കുകയാണ് ചെയ്യുന്നത്. ചികിത്സിക്ക് ശേഷം 28 ദിവസം യാതൊരു അസുഖങ്ങളുമില്ലാതെ പൂര്‍ത്തിയാക്കിയവരില്‍ നിന്നുമാത്രമാണ് പ്ലാസ്മ ശേഖരിച്ചതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അറിയിച്ചു.
പ്ലാസ്മ ശേഖരണത്തിലും കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. ഒരു വ്യക്തിയില്‍ നിന്നും ഒരു മാസത്തില്‍ 1000 മില്ലീ ലിറ്റര്‍ പ്ലാസ്മ മാത്രമേ ശേഖരിക്കാന്‍ അനുവാദമുള്ളു. രോഗമുക്തരായവരുടെ പ്ലാസ്മാ ശേഖരണം നടത്തിയുള്ള രണ്ടാം ഘട്ടപരീക്ഷണത്തിലൂടെ നിര്‍ണ്ണായകമായ നിരവധി വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് വൈദ്യശാസ്ത്ര ലോകം.















