മാഡ്രിഡ്: ഏറെ കൊതിച്ചുണ്ടാക്കിയ ടീമിന്റെ കളിക്കാരും കോച്ചും പന്ത് തട്ടാനാകാതെ കാത്തിരിപ്പില്‍. ക്യാനഡ ലീഗില്‍ പുതുതായി ചേര്‍ക്കപ്പെട്ട അത്‌ലറ്റികോ ഒട്ടാവ എന്ന ക്ലബ്ബാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ തരക്കേടില്ലാത്ത ആരാധകനിരയുള്ള ടീമെന്ന നിലയില്‍ ഒട്ടാവ ടീമിനെ സ്പാനിഷ് ലീഗിലെ വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡ് വാങ്ങുകയായിരുന്നു. നിലവില്‍ ലോകത്തിലെ തന്നെ ഫുട്‌ബോള്‍ രംഗത്തെ ഏറ്റവും പുതിയ പ്രൊഫഷണല്‍ ലീഗ് ക്ലബ്ബാണ് അത്‌ലറ്റികോ ഒട്ടാവ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ടീമിനെ ക്യാനഡ ലീഗിലേക്ക് എടുത്തത്.
ടീമിന്റെ ആദ്യകളി ഏപ്രില്‍ മാസം 11-ാം തീയതി നടക്കാനിരിക്കേയാണ് കൊറോണമൂലം എല്ലാ മത്സരങ്ങളും നിര്‍ത്തിവക്കേണ്ടിവന്നത്. മുന്‍ അത്‌ലറ്റികോ മാഡ്രിഡിന്റേയും വലന്‍സിയയുടേയും ഫോര്‍വേഡായിരുന്ന മിസ്റ്റയാണ് നിലവില്‍ ഒട്ടാവയുടെ പരിശീലകന്‍. 2026ലെ ഫുട്‌ബോള്‍ ലോകകപ്പിന്‍ സംയുക്ത ആതിഥ്യമരുളാന്‍ പോകുന്ന ക്യാനഡയില്‍ ഫുട്‌ബോളിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. നിലവിലെ ലീഗിനെ ശക്തിപ്പെടുത്താന്‍ വിവിധ പ്രവിശ്യകളില്‍ നിന്നായി 14 ക്ലബ്ബുകളെ ഉണ്ടാക്കാനാണ് ശ്രമമെന്ന് ക്യാനഡ ലീഗ് അധികൃതര്‍ അറിയിച്ചു.















