വാഷിംഗ്ടണ്‍: അമേരിക്ക ചൈന പോരാട്ടം മറ്റ് അന്താരാഷ്‌ട്ര വിഷയങ്ങളിലേക്കും വ്യാപിക്കുന്നതായി സൂചന. ബുദ്ധമാതാചാര്യന്‍ പാന്‍ചെന്‍ ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ഇത്തവണ അമേരിക്ക ചൈനക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാന്‍ചെന്‍ ലാമയുടെ നിലവിലെ അവസ്ഥയെന്താണെന്ന് ചൈന കമ്യൂണിസ്റ്റ് ഭരണകൂടം ലോകത്തെ അറിയിക്കണമെന്ന കര്‍ശന താക്കീതാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ചൈന ടിബറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധീശത്വവും മതപരവും ഭാഷാപരവും സാംസ്‌ക്കാരി കടന്നാക്രമണത്തിനും എതിരെ അമേരിക്ക ശക്തമായി രംഗത്തുവന്നിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് ലോകരാഷ്‌ട്രങ്ങള്‍ വീക്ഷിക്കുന്നത്. യുഎസ്. സറ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ചൈന ഭരണകൂടത്തിന് താക്കീതിന്റെ ഭാഷയില്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനയിലെ വിവിധ ജനവിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്ന ലോകനയത്തിന് അമേരിക്ക എല്ലാവിധ പിന്തുണയും നല്‍കും. എന്നാല്‍ ചൈനയില്‍ എല്ലാത്തരം മതവിഭാഗങ്ങളും കടുത്ത അസമത്വവും അടിച്ചമര്‍ത്തലുകളും സഹിക്കുക യാണെന്ന വസ്തുതയാണുള്ളത് ‘ പോംപിയോ പറഞ്ഞു. ഇതിന്റെ ഭാഗമായി മെയ് 17ന് ടിബറ്റിന്റെ ആത്മീയാചാര്യനായ 11-ാം മത് പാന്‍ചെന്‍ ലാമയുടെ 25-ാം ജന്മവാര്‍ഷികം ആചരിക്കുകയാണ്. ആ പദവിയിലിരുന്ന ഗേധുന്‍ ചോയ്കീ നിയാമയെ 1995ന് ശേഷം പുറംലോകത്തെ ആരും കണ്ടിട്ടില്ല. ചൈനയുടെ കമ്യൂണിസ്റ്റ് ഭരണകൂടം 6-ാം വയസ്സിലാണ് അദ്ദേഹത്തെ അപ്രത്യക്ഷമാക്കിയിരിക്കുന്നത്.
ടിബറ്റന്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട് പാന്‍ചെന്‍ ലാമ ഏറ്റവും ഉന്നതമായ ആത്മീയ സ്ഥാനമാണ്. ദലായ് ലാമയുടെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ടവ്യക്തിത്വമാണ്. ചൈനയുടെ നടപടിയില്‍ തങ്ങള്‍ക്ക് അതിശയമില്ല. കാരണം ചൈന മറ്റ് മതങ്ങളോട് കാണിക്കുന്ന സമീപനം അത്തരത്തിലാണ്. അവിടത്തെ ടിബറ്റന്‍ ജനതകള്‍ക്ക് പഠനംപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി.















