മോസ്കോ: അഫ്ഗാനിസ്താനിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും ഭരണസുസ്ഥിരത ഉറപ്പാക്കാനും സംയുക്ത രാഷ്ട്ര പ്രതിനിധികളുടെ തീരുമാനം. അഫ്ഗാനിസ്താനിലുള്ള റഷ്യ, ചൈന, ഇറാന്, പാകിസ്താന് പ്രതിനിധികളാണ് യോഗം ചേര്‍ന്നത്. താലിബാനുമായുള്ള കരാര്‍ പ്രകാരം അമേരിക്ക സൈന്യത്തെ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നുള്ള സ്ഥിതി ഗതികള്‍ സമാധാനപരമാക്കാന്‍ മറ്റ് രാജ്യങ്ങളും ഇടപെടണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു.
സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെ ഒരാഴ്ചക്കുള്ളില്‍ മൂന്നു തവണ ബോംബാക്രമണം നടത്തി ഇസ്ലാമിക ഭീകരസംഘടനകള്‍ ഭരണകൂടത്തെ വെല്ലുവിളിച്ചിരുന്നു. ഔദ്യോഗിക ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് റഷ്യയും ചൈനയും മുന്‍കൈയെടുത്ത് അഫ്ഗാനിലെ സമാധാനത്തിനായി പരിശ്രമിക്കുന്നത്. റഷ്യയുടെ പ്രതിനിധി സാമിര്‍ കാബൂലോവിന്റെ നേതൃത്വത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് തത്വത്തില്‍ ധാരണയായത്. ചൈനയുടെ ഭാഗത്തുനിന്നും ലിയൂ ജിയാനാണ് യോഗത്തില്‍ സംബന്ധിച്ചത്. അതിര്‍ത്തി രാജ്യങ്ങളായ പാകിസ്താന്റെ ഉപവിദേശകാര്യ മന്ത്രി സഫ്ദര്‍ ഹയാത്ത്, ഇറാന്റെ പ്രതിനിധി മുഹമ്മദ് തെഹരിയാന്ഫര്ദ്ദ് എന്നിവരും പങ്കുചേര്‍ന്നു.
അമേരിക്കയും താലിബാനുമായും സൈന്യത്തെ കുറയ്ക്കുന്നതില്‍ ധാരണയായതോടെ ആഭ്യന്തര സൈനിക നേതൃത്വത്തെ സഹായിക്കാനാണ് മറ്റ് രാജ്യങ്ങളുടെ തീരുമാനം. നിലവിലെ അഫ്ഗാന് ഭരണകൂടത്തിന് ഇസ്ലാമിക ഭീകരത നേരിടാന്‍ ശക്തിപോരെന്ന് മറ്റ് രാജ്യങ്ങള്‍ വിലയിരുത്തി. അമേരിക്ക അഫ്ഗാനിലെ ആഗോള ഇസ്ലാമിക തീവ്രവാദം തകര്‍ക്കാനാണ് സൈനിക കേന്ദ്രം അഫ്ഗാനില്‍ നിന്നും മാറ്റാത്തതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.















