തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബിബിസി യിൽ സംസാരിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഗോവക്കെതിരെ വാസ്തവവിരുദ്ധമായ വിവരങ്ങൾ പറഞ്ഞതിനെതിരെ പ്രതിഷേധം. ഗോവയിൽ ആവശ്യമായ ആശുപത്രികളില്ലെന്നും അതിനാൽ കൊറോണ രോഗി കേരളത്തിലെത്തിയെന്നുമാണ് ഷൈലജ പറഞ്ഞത്. കേരളത്തിൽ വന്ന് മരിച്ച ഗോവക്കാരനെ കേരളത്തിൽ കൂട്ടിയെന്നും മന്ത്രി ചാനലിന്റെ ലൈവിൽ പറഞ്ഞു.
കൊറോണ വൈറസിനെതിരെ കേരളം കൈക്കൊണ്ട മാർഗ്ഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. കേരളത്തിൽ മൂന്ന് രോഗികൾ മാത്രമേ മരിച്ചിട്ടുള്ളൂവെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. മാഹി സ്വദേശിയായ കൊറോണ രോഗി കേരളത്തിൽ ചികിത്സയിലിരിക്കെ മരിച്ചത് കേരളത്തിന്റെ കണക്കിൽ കൂട്ടിയതാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാൽ മാഹിക്ക് പകരം മന്ത്രി ഗോവയെന്നാണ് ഉപയോഗിച്ചത്.
നിലവിൽ കേരളത്തേക്കാൾ മരണ സംഖ്യ കുറഞ്ഞ പത്ത് സംസ്ഥാനങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്. അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ് , ഗോവ , മണിപ്പൂർ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ആരും മരിച്ചിട്ടില്ല. മേഘാലയയിലും ഉത്തർഖണ്ഡിലും ഒരാൾ വീതവും അസമിൽ രണ്ടു പേരുമാണ് മരിച്ചത്. ഹിമാചൽ പ്രദേശിലും ഝാർഖണ്ഡിലും മൂന്ന് പേർ മരിച്ചിട്ടുണ്ട്. ഒരാൾ പോലും മരിക്കാത്ത ഗോവയിൽ നിന്ന് രോഗി കേരളത്തിൽ വന്ന് മരിച്ചെന്നാണ് ആരോഗ്യമന്ത്രി അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് പ്രതികരിച്ചത്.
ഗോവയിൽ ആശുപത്രികളും അടിസ്ഥാന സൗകര്യവുമില്ലെന്നും ഗോവക്കാരൻ കേരളത്തിൽ വന്ന് മരിച്ചെന്നുമുള്ള ആരോഗ്യമന്ത്രിയുടെ തെറ്റായ പരാമർശം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.















