കൊറോണ വാക്സിൻ കണ്ടുപിടിച്ച് അമേരിക്കൻ കമ്പനി ; എലികളിലും പന്നികളിലും പരീക്ഷണം വിജയം ; പ്രതീക്ഷയോടെ ലോകം

Published by
Janam Web Desk

വാഷിംഗ്ടണ്‍: മൃഗങ്ങളില്‍ കൊറോണ വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് അമേരിക്ക. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഇനോവിയോയാണ് മരുന്ന് വികസിപ്പിച്ചതായി അവകാശപ്പെട്ടിരിക്കുന്നത്. മനുഷ്യനില്‍ കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളുടെ ഫലം വരാനിരിക്കെയാണ് എലികളിലും പന്നികളിലും നടത്തിയ പരീക്ഷണം വിജയകരമാണെന്ന് കമ്പനി അറിയിച്ചത്.

പരീക്ഷണത്തിനിടെ, കൊറോണക്കെതിരായ വാക്‌സിനില്‍ തങ്ങള്‍ എന്ത് കാണാന്‍ ആഗ്രഹിച്ചോ അത് കാണാന്‍ കഴിഞ്ഞെന്ന് ഡോ. ഡേവിഡ് വീനെര്‍ അറിയിച്ചു. വാക്‌സിന്‍ നിര്‍മ്മാണം വിജയകരമാകുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം നാലിരട്ടിയിലധികം വര്‍ധിച്ചിരുന്നു. നിലവില്‍ ഇത് 18 ശതമാനം ഉയര്‍ന്ന് 15.77 ഡോളറിലെത്തിയതായാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ മാസത്തില്‍ തന്നെ ഇനോവിയോ മനുഷ്യനില്‍ വാക്‌സിന്റെ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ പ്രാഥമിക ഫലം അടുത്ത മാസം തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. INO-4800 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ 40 ആരോഗ്യപ്രവര്‍ത്തകരിലാണ് പരീക്ഷിച്ചിരുന്നത്. രണ്ട് ഇഞ്ചക്ഷന്‍ വീതം നാല് ആഴ്ചകളിലായിരുന്നു പരീക്ഷണം നടത്തിയിരുന്നത്.

മോഡേണ ഇങ്ക്, ഫൈസര്‍ ഇങ്ക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സനോഫി സാനി പിഎ, അസ്ട്രാസെനെക്ക പിഎല്‍സി എന്നിവയുള്‍പ്പെടെ നിരവധി മരുന്ന് നിര്‍മ്മാതാക്കള്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ, സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ പരീക്ഷണത്തില്‍ സുരക്ഷിതമായ ആന്റിബോഡികള്‍ ഉത്പ്പാദിപ്പിച്ചുവെന്ന് മോഡേണ അവകാശപ്പെട്ടിരുന്നു.

അമേരിക്കയില്‍ നൂറോണം കമ്പനികളാണ് വാക്‌സിന്‍ നിര്‍മ്മാണത്തിനായി രംഗത്തുവന്നിട്ടുള്ളത്. ലോകത്ത് ഇതുവരെ ഒരു അംഗീകൃത വാക്‌സിന്‍ ഇല്ലാത്തതിനാല്‍ തന്നെ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Share
Leave a Comment