കൊറോണ; ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ മരുന്ന് ഉപയോഗം രോഗബാധയ്‌ക്കുള്ള സാധ്യത കുറയ്‌ക്കും; മരുന്ന് ഫലപ്രദമെന്ന പുതിയ പഠനവുമായി ഐസിഎംആര്‍

Published by
Janam Web Desk

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ മരുന്നിന്റെ ഉപയോഗം കൊറോണ രോഗബാധയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗബാധ തടയുന്നതിനായി എച്ച്‌സിക്യു മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശം ഐസിഎംആര്‍ പുറത്തിറക്കി.

കൊറോണ പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കൊറോണ ഇതര ആശുപത്രികളിലും ബ്ലോക്കുകളിലും ജോലി ചെയ്യുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രതിരോധ ചികിത്സയുടെ ഭാഗമായി മരുന്ന് നല്‍കാനും നിര്‍ദ്ദേശമുണ്ട്.

ഡല്‍ഹിയിലെ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിഎംആര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഈ പഠന പ്രകാരം എച്ച്‌സിക്യു മരുന്ന് ഉപയോഗിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് സാര്‍സ് കോവ് 2 വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എച്ച്‌സിക്യു വൈറല്‍ ലോഡ് കുറയ്‌ക്കുന്നതായി പൂനൈ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയിലെ എയിംസില്‍ നടന്ന പഠനവും പ്രതീക്ഷ ഉളവാക്കുന്നതാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. എയിംസിലെ 334 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തില്‍ 248 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മരുന്ന് ഉപയോഗിക്കാത്തവരേക്കാള്‍ അണുബാധ സാധ്യത കുറവായിരുന്നു.

ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊറോണ ഇതര ആശുപത്രികളിലോ കൊറോണ ഇതര ബ്ലോക്കുകളിലോ ജോലി ചെയ്യുന്ന രോഗലക്ഷണങ്ങള്‍ പ്രകടിപ്പാക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രോഫിലാക്‌സിസ് അല്ലെങ്കില്‍ പ്രിവന്റീവ് തെറാപ്പിയായി ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ നല്‍കാന്‍ തീരുമാനിച്ചത്.

കൊറോണയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അര്‍ദ്ധ സൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി കൊറോണയ്‌ക്കെതിരെ പോരാടുന്ന മുന്നണി പോരാളികള്‍ക്കും എച്ച്‌സിക്യു മരുന്ന് നല്‍കാന്‍ ഐസിഎംആര്‍ ആവശ്യപ്പെടും.

എട്ടാഴ്‌ച്ചയായിരിക്കും ഡോസേജിന്റെ കാലാവധി. ഈ കാലാവധി കഴിഞ്ഞ് മരുന്ന് നല്‍കാമെങ്കിലും കനത്ത നിരീക്ഷണത്തില്‍ മാത്രമെ അതിന് മുതിരാവൂ എന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വയറു വേദന, മനംപിരട്ടല്‍, ഹൃദയ സംബന്ധമായ ചെറിയ വ്യതിയാനങ്ങള്‍ എന്നിവയാണ് മരുന്നിന്റെ പാര്‍ശ്വ ഫലങ്ങളായി കാണുന്നത്. പക്ഷെ ഇവയെല്ലാം ചെറിയ അളവിലെ രേഖപ്പെടുത്തിയിട്ടുള്ളുവെന്ന് ഐസിഎംആര്‍ പറയുന്നു. കൂടുതല്‍ പാര്‍ശ്വ ഫലങ്ങള്‍ കാണിക്കുകയാണെങ്കില്‍ മരുന്ന് ഉപയോഗം ഉടന്‍ നിര്‍ത്തേണ്ടതാണെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു

Share
Leave a Comment