ജയ്പൂര്‍: രാജസ്ഥാനില്‍ മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ കൗമാരക്കാര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. മാനസികവൈകല്യമുള്ളതിനാല്‍ സഹോദരിയെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കളെ ഏല്‍പ്പിച്ചതാണെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കി. രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ മനോഹര്‍പൂരിലാണ് സംഭവം നടത്തത്.
പ്രായപൂര്‍ത്തിയാകാത്ത തന്റെ സഹോദരിയെ സുഹൃത്തുക്കളുടെ കൈവശം കൊന്നുകളയാന്‍ ഏല്‍പ്പിക്കുകയായിരുന്നു. മെയ് 17-ാം തീയതിയാണ് 10 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പേരില്‍ മാതാപിതാക്കൾ പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സുഹുത്തുക്കള്‍, കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പോലീസ് കണ്ടെത്തി. തന്റെ സഹോദരി ഒരു ബാധ്യതയാണെന്നും അവള്‍ക്ക് സ്വയം ഒന്നും ചെയ്യാനാകില്ലെന്നും വീടുമുഴുവന്‍ മലമൂത്രവിസര്‍ജ്ജനം നടത്തുകയാണെന്നും സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് സമീപത്തെ വനപ്രദേശത്തു നിന്നും മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടിയുടെ ചെരുപ്പും വസ്ത്രങ്ങളും ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശത്ത് ആ സമയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ ഫോണുകളെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടി സഹോദരനൊത്ത് പോകുന്നതായി കണ്ട സാക്ഷിമൊഴിയാണ് നിര്‍ണ്ണായകമായതെന്നും പോലീസ് അറിയിച്ചു.