ലഖ്നൗ: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ. ഇന്ത്യ കണ്ട ചരിത്രമൂഹൂര്ത്തങ്ങളായ ഭേദഗതികളാല് നിറഞ്ഞ ആദ്യവര്‍ഷമാണ് മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തന്റേയും തന്റെ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും എല്ലാ ആശംസകളും പിന്തുണയും കേന്ദ്ര സര്‍ക്കാറിന് നല്‍കുകയാണെന്നും ആദിത്യനാഥ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ സുവര്‍ണ്ണതാളുകളില്‍ എഴുതിവക്കേണ്ട ദിവസമാണിതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
സബ് കാ സാഥ് സബ് കാ വികാസ് എന്ന ദേശീയ മുദ്രാവാക്യം മോദി സര്‍ക്കാറിനല്ലാതെ മറ്റൊരാള്‍ക്കും പ്രാവര്‍ത്തികമാക്കാനാകില്ലെന്ന് പറഞ്ഞ യോഗി പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പ്രകീര്‍ത്തിച്ചു. ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനുള്ള അസ്ഥിവാരം ഉറപ്പിച്ച വര്‍ഷമാണിതെന്നും ഇന്ത്യ ലോക ശക്തിയായി മാറുക തന്നെ ചെയ്യുമെന്നും യോഗി പറഞ്ഞു. സ്ത്രീകള്‍ ഇതുപോലെ സുരക്ഷിതരാണെന്ന് തോന്നിയ ഒരു ദേശീയഭരണം ഇന്ത്യ കണ്ടിട്ടില്ലെന്നും മുത്തലാഖ് നിയമവിരുദ്ധമാക്കിയത് ചരിത്രത്തിലെ വഴിത്തിരിവാണെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെന്നും തലവേദനയായിരുന്ന കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കലും അയോധ്യാ രാമജന്മഭൂമി വിധിവന്നതും, ദേശീയ പൗരത്വ പട്ടിക നടപ്പായതും ദശകങ്ങളായി നാം കാത്തിരുന്ന നടപടികളായിരുന്നു. കാര്‍ഷികമേഖലയ്ക്കും യുവസമൂഹത്തിനും ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതും നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണം ഒന്നുകൊണ്ടുമാത്രമാണെന്നും യോഗി ആശംസാ സന്ദേശത്തില്‍ സൂചിപ്പിച്ചു.