ന്യൂഡല്‍ഹി: നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ എഞ്ചിനുകള്‍ മാറ്റി സ്ഥാപിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന വകുപ്പ് സമയം നീട്ടി നല്‍കി. ഇന്‍ഗിയോയ്‌ക്കും ഗോ എയറിനുമാണ് പുതിയ എഞ്ചിനുകള്‍ ഘടിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയിരിക്കുന്നത്. ഉപയോഗത്തിലിരിക്കുന്ന 60 വിമാനങ്ങളുടെ എഞ്ചിനുകളാണ് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. മെയ് മാസം 31നകം മാറ്റണമെന്ന നിര്‍ദ്ദേശത്തിനാണ് മൂന്നു മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയിരിക്കുന്നത്.
നിലവില്‍ ഉപയോഗിക്കുന്ന പ്രാറ്റ് ആന്റ് വിറ്റ്‌നി വിഭാഗത്തില്‍പ്പെട്ട 60 എഞ്ചിനുകള്‍ അടിയന്തിരമായി മാറ്റണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. രണ്ടു കമ്പനികളുടേയും എ320 നിയോ വിമാനങ്ങളിലെ എഞ്ചിനുകളാണ് മാറ്റേണ്ടത്. സാധനങ്ങളെത്താനെടുക്കുന്ന കാലതാമസം കണക്കിലെടുത്താണ് ആഗസ്റ്റ് 31വരെ സമയം നല്‍കിയത്. ഇന്‍ഡിഗോ 106 വിമാനങ്ങളും ഗോ എയര്‍ 43 വിമാനങ്ങളുമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 60 എണ്ണം പുതുക്കണമെന്നത് പരിശോധനകള്‍ക്കിടെയാണ് വ്യോമയാന വകുപ്പ് മനസ്സിലാക്കിയത്.