ന്യൂഡല്‍ഹി: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച രാജ്യത്ത് നഗരവനവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 200 മഹാനഗരങ്ങളിലാണ് ആദ്യഘട്ടമായി പദ്ധതി നിലവില്‍വരിക.
നമുക്ക് ഗ്രാമീണ മേഖലകളില്‍ വനങ്ങളുണ്ട്. എന്നാല്‍ നഗരമേഖലകളില്‍ വൃക്ഷങ്ങള്‍ ധാരാളമുള്ള പ്രദേശങ്ങളോ വനങ്ങളോ കുറവാണ്. അതുകൊണ്ട് നഗരങ്ങളിലെ വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കമെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ പൂന്തോട്ട നിര്‍മ്മാണങ്ങള്‍ക്ക് പകരമായി വനങ്ങളാണ് വളര്‍ത്തേണ്ടതെന്നും പ്രകാശ് ജാവദേക്കര്‍ നിര്‍ദ്ദേശിച്ചു.
ഇന്ത്യയിലെ 200 മഹാനഗരങ്ങളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര വനംവകുപ്പാണ് പദ്ധതിക്കായി ഫണ്ട് ചിലവഴിക്കുന്നത്. ആദ്യം നഗരത്തിലെ തരിശായ ഭൂമികളും വനമുള്ള പ്രദേശങ്ങളും ചേര്‍ത്തുള്ള ഭൂപടം തയ്യാറാക്കണം. വിജയത്തിന് പൊതുജനപങ്കാളിത്തമാണ് വേണ്ടതെന്നും ജാവദേക്കര്‍ പറഞ്ഞു.
‘ ഇന്ത്യയുടെ ജനസംഖ്യ ലോകത്തിലെ 16 ശതമാനമാണ്. അത്രയും തന്നെയാണ് മൃഗങ്ങളുടെ എണ്ണവും. എല്ലാവര്‍ക്കും മണ്ണും ജലവും വേണം. എന്നാല്‍ ലോകത്തിലെ ആകെയുള്ള ഭൂമിയില്‍ 2.5 ശതമാനം മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. അതുപോലെ പ്രകൃതി ദത്തമായ ജലശ്രോതസ്സുകളാകട്ടെ കേവലം 4 ശതമാനവും’ പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ലോകത്തിലെ ജൈവവൈവിധ്യത്തിന്റ 8 ശതമാനം നിലനിര്‍ത്താന്‍ ഇന്ത്യക്കാവുന്നത് വലിയ നേട്ടമാണെന്നും ജാവദേക്കര്‍ പറഞ്ഞു.