ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ പ്രകോപനപരമായ നീക്കം തുടര്‍ന്ന് ചൈന. ലഡാക്ക് മേഖലയില്‍ ചൈന വീണ്ടും സൈനികരുടെ എണ്ണം കൂട്ടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടേയും ലെഫ്റ്റ്. ജനറല്‍ റാങ്കില്‍ ഉള്ള ചര്‍ച്ച നടത്തിയതിന്റെ പുറകേയാണ് ചൈനയുടെ നീക്കം. അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കാന്‍ ഇരു വിഭാഗവും തീരുമാനിച്ചിരുന്നു. അടുത്ത ഘട്ടമെന്ന നിലയില്‍ നയതന്ത്ര-രാഷ്‌ട്രീയ തലത്തിലെ ചര്‍ച്ച തുടരാനുമാണ് തീരുമാനമായത്. ഇതിനിടെയാണ് ചൈന നിരന്തരമായി അതിര്‍ത്തിയിലെ സന്നാഹം വര്‍ധിപ്പിക്കുന്നതായി സൈന്യം കണ്ടെത്തിയത്. ചൈനയുടെ നീക്കത്തിന് ബദലായി ഇന്ത്യന്‍ വ്യോമസേന ലഡാക്കിലെ സൈനിക സന്നാഹംവര്‍ധിപ്പിച്ചതായാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ചൈനയുടെ 72-ാം കമാന്റാണ് ലഡാക്ക് അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്കൊപ്പം വലിയ തോതില്‍ പാരച്യൂട്ട് സൈനികരെ ചൈന ഇറക്കിയിട്ടുണ്ട്. ഈ നീക്കം നിലവിലെ ധാരണകള്‍ക്ക് വിരുദ്ധമാണ്. ആദ്യ ഘട്ട ചര്‍ച്ചയ്‌ക്ക് മുമ്പ് ചൈന നിയന്ത്രണ രേഖയില്‍ നിന്ന് 2 കിലോമീറ്ററും ഇന്ത്യ ഒരു കിലോമീറ്ററും പിന്മാറിയിരുന്നു. ചൈനയുടെ നീക്കത്തെ അതീവഗൗരവമായി കാണുകയാണെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ലഡാക്ക് മേഖലയില്‍ സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ നീക്കം പ്രതിരോധിക്കാന്‍ ഇന്ത്യ ഇതിനിടെ റോഡ് പണി പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ക്കിറങ്ങാനായി റണ്‍വേ അടക്കം നിര്‍മ്മിക്കുന്ന പണി തുടങ്ങിയതും ചൈനക്ക് ക്ഷീണമായിയെന്നും ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ പ്രകോപിപ്പിക്കാനും അന്താരാഷ്‌ട്ര തലത്തിലേക്ക് വിഷയം എത്താതിരിക്കാനും ഇതിനിടെ ചൈന തന്ത്രം മെനഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി നേപ്പാളിനെ ചൈന അതിര്‍ത്തി വിഷയത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ഭൂവിഭാഗങ്ങളെ ഭൂപടത്തില്‍ അനധികൃതമായി ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ നടപടിക്കെതിരെ കരസേനാ മേധാവി എം.എം.നരവാനേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപുറകേ അമേരിക്കയുടെ വിദേശകാര്യമന്ത്രാലയം ചൈനയുടെ പ്രകോപനങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത് ഇന്ത്യക്ക് അതിര്‍ത്തി വിഷയത്തില്‍ മേല്‍ക്കൈ നേടിത്തന്നിരുന്നു.