വാഷിംഗ്ടണ്‍: ആണവ വിഷയത്തില്‍ ഇറാനെതിരായ അമേരിക്കയുടെ നിയന്ത്രണം മുറുക്കുന്നു. കടല്‍മാര്‍ഗ്ഗം ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ സഞ്ചാരവും മറ്റ് ആയുധങ്ങളുടെ നീക്കവും തടയുമെന്ന് അമേരിക്ക വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വാര്‍ത്താ സമ്മേളനത്തിലാണ് ഇറാനെതിരെ കടല്‍മാര്‍ഗ്ഗ വാണിജ്യ മേഖലയിലെ നിയന്ത്രണത്തെ പരാമര്‍ശിച്ചത്.
‘ഇന്നു മുതല്‍ ഇറാന്‍ ഷിപ്പിംഗ് ലൈനുകളുടെ മേല്‍ നിയന്ത്രണം വരികയാണ്. ഇറാനും – ഷാന്‍ഹായ് തുറമുഖവുമായി ബന്ധപ്പെടുത്തിയുള്ള ചരക്കു നീക്കം അനുവദിക്കില്ല. ആറു മാസം മുമ്പ് നല്‍കിയ മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു. ഇറാനെ ഈ വിഷയത്തില്‍ പിന്തുണയ്‌ക്കുന്ന ഷിപ്പിംഗ് കമ്പനികള്‍ക്കും കടല്‍പാത നിരോധനം ബാധകമാക്കും’ പോംപിയോ പറഞ്ഞു.
മനുഷ്യജീവന് ഗുണകരമായ വസ്തുക്കളുടെ ചരക്കു നീക്കവുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദ്ദേശങ്ങളും സഹായങ്ങളും അമേരിക്ക മുന്നോട്ട് വച്ചിരുന്നു. നിരോധനം 180 ദിവസത്തേക്ക് വൈകിക്കുകയും ചെയ്തു. എന്നാല്‍ ഇറാന് മറ്റ് താല്‍പ്പര്യങ്ങളാണ്. അത് അംഗീകരിച്ചു കൊടുക്കാനാകില്ല. ഇനി അവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കുന്നതാണ് നല്ലതെന്നും പോംപിയോ വ്യക്തമാക്കി. ഇറാന് വേണ്ടി ചൈനയുടെ ഷാന്‍ഹായി തുറമുഖം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സഹകരിക്കുന്നതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്ക വീണ്ടും ആണവമേഖലയിലേക്ക് തിരികെ വരണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.















