ന്യൂഡൽഹി : സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്ക് എന്തിനു വിട്ടു എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സൈനികർ സായുധരായിത്തന്നെയാണ് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ ചൈനീസ് സൈനികരുമായി സംഘർഷമുണ്ടായാൽ തോക്ക് ഉപയോഗിക്കരുതെന്ന് കരാറുണ്ടെന്ന് ജയശങ്കർ വ്യക്തമാക്കി. സൈനിക പോസ്റ്റുകളിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ സൈനികർ തോക്കെടുക്കാതെ പോകില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
അതിർത്തിയിൽ കടുത്ത സംഘർഷമുണ്ടായിട്ടും ഇരു സൈനികരും തോക്ക് ഉപയോഗിച്ചിരുന്നില്ല. ഇത് ആയുധമില്ലാത്തതു കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാൽ 1996 ലും 2005 ലുമുള്ള കരാർ പ്രകാരം സംഘർഷമുണ്ടായാൽ തന്നെ തോക്കെടുക്കാൻ പാടില്ലെന്ന് ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്ന വിവരമാണ് ജയശങ്കർ ചൂണ്ടിക്കാട്ടിയത്. 1996 നവംബർ 29 നു ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറിലെ ആർട്ടിക്കിൾ 6 പ്രകാരം ഇരു വിഭാഗത്തിലേയും സൈനികർ പരസ്പരം തോക്കുകൾ കൊണ്ട് വെടിവെക്കാൻ പാടില്ല. എന്നുമാത്രമല്ല അതിർത്തി രേഖയുടെ രണ്ടുകിലോമീറ്റർ ചുറ്റളവിൽ വെടിയുതിർക്കാനും പാടില്ല. ദേവഗൗഡ സർക്കാരിന്റെ കാലത്തായിരുന്നു ഇത്. അതിനു മുൻപ് 1993 ൽ നരസിംഹ റാവു സർക്കാരിന്റെ കാലത്തും പിന്നീട് 2005 ൽ മന്മോഹൻ സിംഗ് സർക്കാരിന്റെ കാലത്തും ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടിട്ടുണ്ട്.
ഈ സാമാന്യ വിവരം പോലും അറിയാതെ ആണ് രാഹുൽ ഗാന്ധി അതിർത്തിയിലെ സൈനികർക്ക് തോക്ക് കൊടുക്കാത്തതെന്തെന്ന ചോദ്യം ഉന്നയിച്ചത്. ഇത്തരം വിവരക്കേടുകൾ വിളമ്പുന്നതിനു മുൻപ് വസ്തുതകൾ പരിശോധിക്കാത്തതെന്തെന്ന ചോദ്യവുമായി നിരവധി പേർ രാഹുലിന്റെ ട്വീറ്റിന് മറുപടി നൽകിയിട്ടുണ്ട്. രാജ്യം ധീരജവാന്മാരുടെ സ്മരണകൾക്ക് മുന്നിൽ കണ്ണീരണിഞ്ഞ് നിൽക്കുമ്പോൾ ഇത്തരം അസംബന്ധങ്ങൾ എഴുന്നള്ളിക്കരുതെന്ന ആവശ്യവും സാമൂഹ്യ മാദ്ധ്യമങ്ങളിൽ രാഹുലിനെതിരെ ഉയരുന്നുണ്ട്.















