കൊല്‍ക്കത്ത: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ മെല്ലെപോക്ക് തുടരുന്ന പശ്ചിമ ബംഗാളില്‍ കൊറോണ രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. നിലവിലെ രോഗികളുടെ എണ്ണം 13100 എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്. എന്നാല്‍ ഒറ്റ ദിവസം 355 പുതിയ കേസുകള്‍ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് 11 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊല്‍ക്കത്ത നഗരത്തിലാണ് കൊറോണ ബാധിതര്‍ കൂടുതലുള്ളതായി റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ മാസം ആരോഗ്യ പ്രവര്‍ത്തകരടക്കം രോഗബാധിതരായതിനാല്‍ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടിയിരുന്നു. കൊല്‍ക്കത്ത നഗരത്തില്‍ മാത്രം ഇന്നലെ 6 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. തെക്കന്‍ 24 പര്‍ഗാന ജില്ലയിലും ഹൗറയിലും രണ്ടുവീതവും വടക്കന്‍ 24 പര്‍ഗാന ജില്ലയില്‍ ഒരാളുമാണ് ഇന്നലെ മരണപ്പെട്ടത്. 1907 കൊറോണ ബാധിത കേന്ദ്രങ്ങളെന്നത് ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്ത് 2428 ആയി എന്നതാണ് റിപ്പോര്‍ട്ട്.
കൊല്‍ക്കത്ത നഗരത്തിലും തൊട്ടടുത്തുള്ള ജില്ലകളിലുമാണ് നിലവില്‍ രോഗം കൂടുന്നത്. നഗരത്തില്‍ വന്നുപോയവരിലൂടെ ഉണ്ടായ സമ്പര്‍ക്കമാകാമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ പശ്ചിമബംഗാളിലെ ഉള്‍ ഗ്രാമങ്ങളിലടക്കം യാതൊരു കൊറോണ പരിശോധനയും നടന്നിട്ടില്ലെന്നും കണക്കുകള്‍ സര്‍ക്കാര്‍ മൂടിവയ്‌ക്കുകയുമാണെന്ന് ഗവര്‍ണര്‍ കഴിഞ്ഞമാസം ആരോപിച്ചിരുന്നു.















