കട്ടക്: ഒഡീഷയിലെ വിശ്വപ്രസിദ്ധമായ പുരി ജഗന്നാഥ രഥയാത്ര നിരോധിച്ച നടപടിക്കെ തിരെ സംസ്ഥാനസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കണമെന്ന് ആവശ്യം ശക്തം. പുരി മഹാരാജാവ് എന്ന സ്ഥാനം അലങ്കരിക്കുന്ന ഗജപതി ദിബ്യസിംഗ് ദേബാണ് ഒഡീഷ മുഖ്യമന്ത്രിയോട് രഥയാത്രാ നിരോധനത്തിന് എതിരെ നിയമനടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊറോണ പശ്ചാത്തലത്തില്‍ പത്തുലക്ഷത്തിലധികം ആളുകള്‍ എത്തുന്ന രഥയാത്രയക്ക് സുപ്രീംകോടതി സ്‌റ്റേ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസമായി രഥങ്ങളെല്ലാം അറ്റകുറ്റപ്പണി നടത്തി ക്ഷേത്ര ട്രസ്‌ററ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബഡെയടക്കമുളള മൂന്നംഗ ബഞ്ചാണ് ജൂണ്‍ 23ന് നടക്കാനിരുന്ന രഥയാത്രയുടെ ആഘോഷങ്ങളെല്ലാം നിരോധിച്ച് ഉത്തരവിട്ടത്. പൊതു സമൂഹത്തിന്റെ ആരോഗ്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് വിധിയുടെ ഭാഗമായി കോടതി പറഞ്ഞത്. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ കാബിനറ്റ് യോഗം സുപ്രീംകോടതിയുടെ വിധി അനുസരിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
ഇതിനിടെ ക്ഷേത്ര പുരോഹിതര്‍ ക്ഷേത്രത്തിനകത്തെ പൂജാ രീതികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്നത് രാജകുടുംബമാണ്.















