ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭയ്‌ക്ക് മുന്നില്‍ പാകിസ്താന്‍ വീണ്ടും നാണം കെട്ടു. ഇന്ത്യന്‍ പൗരന്മാരെ ആഗോളഭീകരന്മാരാക്കണമെന്ന ആവശ്യമാണ് ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ തള്ളിയത്. സുരക്ഷാ കൗണ്‍സിലിന്റെ 1267-ാം കമ്മറ്റിയാണ് ഇന്നലെ ന്യൂയോര്‍ക്കില്‍ ചേര്‍ന്നത്.
ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തന ആരോപണം ഉന്നയിച്ചാണ് പാകിസ്താന്‍ രംഗത്തെ ത്തിയത്. ഐക്യരാഷ്‌ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യനടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ആവശ്യപ്പെട്ടതോടെയാണ് പാകിസ്താന്‍ വെട്ടിലായത്. പാകിസ്താന്റെ വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അമേരിക്ക രംഗത്തെത്തിയതോടെയാണ് പാകിസ്താന്റെ വാദം പൊളിഞ്ഞത്.
പാകിസ്താന്റെ മണ്ണില്‍ ഇന്ത്യന്‍ പൗരന്മാര്‍ കടന്നുകയറി ഭീകരപ്രവര്‍ത്തനം നടത്തുന്നു എന്നാണ് പാകിസ്താന്‍ ആരോപിച്ചത്. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയിലെ എഞ്ചിനീയര്‍ക്ക് പാക് വിരുദ്ധ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് പാകിസ്താന്‍ പരാതിപ്പെട്ടത്.
2017ല്‍ ജയ്‌ഷെ മുഹമ്മദിന്റെ നേതാവ് മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പുറകേയാണ് പാകിസ്താന്‍ തുടര്‍ച്ചയായി ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയത്. കശ്മീരിലും പാക്അധീന കശ്മീര്‍ മേഖലയിലും ഇന്ത്യയുടെ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് പാകിസ്താന്‍ മുന്‍പും പരാതി നല്‍കിയത്. 1267-ാം കമ്മിറ്റി പുന:സംഘടിപ്പിച്ച ശേഷം നടക്കുന്ന ആദ്യയോഗമാണ് നടന്നത്. അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ്,ചൈന എന്നിവരാണ് സ്ഥിരാംഗങ്ങള്‍. ഇവര്‍ക്കൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള പത്തു രാജ്യങ്ങള്‍കൂടി സുരക്ഷാ സമിതിയിലുണ്ട്.















