ലണ്ടന്‍:ബ്രിട്ടണില്‍ ഇന്ത്യയുടെ പുതിയ സ്ഥാനപതി ചുമതലയേറ്റു. ഗായത്രി ഇസ്സാര്‍ കുമാറാണ് പുതിയ സ്ഥാനപതിയായി യുകെയില്‍ എത്തിയിരിക്കുന്നത്. ബെല്‍ജിയത്തിലെ ഇന്ത്യന്‍ സ്ഥാനപതി എന്ന ചുമതലയില്‍ നിന്നാണ് സുപ്രധാന ലോകരാജ്യത്തെ ഇന്ത്യന്‍ ചുമതല യിലേക്ക് ഗായത്രി എത്തിയിരിക്കുന്നത്. ബെല്‍ജിയം, യൂറോപ്പ്യന്‍ യൂണിയന്‍, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളുടെ സംയുക്ത ചുമതലയാണ് ഗായത്രി നിര്‍വ്വഹിച്ചിരുന്നത്. ഇതുവരെ ലണ്ടനില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന രുചി ഖനശ്യാം വിരമിച്ച ഒഴിവിലേക്കാണ് ഗായത്രിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
ബ്രക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനുമായി ബന്ധം വിഛേദിച്ചുകഴിഞ്ഞ ബ്രിട്ടനിലെ അന്തരീക്ഷത്തിലേക്കാണ് ഗായത്രി എത്തിയിരിക്കുന്നത്. നിലവിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ വംശജര്‍ക്കും പ്രവാസി ഭാരതീയര്‍ക്കും കരുത്തുപകരാന്‍ താന്‍ ശ്രമിക്കുമെന്നും ഗായത്രി പറഞ്ഞു.
ഫ്രാന്‍സിലും നേപ്പാളിലും ലിസ്ബണിലും പ്രവര്‍ത്തിച്ച ഗായത്രി ഐക്യരാഷ്‌ട്രസഭയില്‍ കൗണ്‍സിലര്‍ എന്ന ചുമതലയിലും ഇന്ത്യക്കായി സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥയാണ്. 1986ലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിലെ അംഗമാണ് ഗായത്രി.പഞ്ചാബില്‍ ജനിച്ച ഗായത്രി യുടെ ഔപചാരിക വിദ്യാഭ്യാസം ബംഗളൂരുവിലായിരുന്നു. ഫ്രഞ്ച്, നേപ്പാളി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഗായത്രി.















