ശ്രീനഗര്‍ : ചൈനീസ് പ്രകോപനത്തിന് പിന്നാലെ ലഡാക്ക് അതിര്‍ത്തിയില്‍ അതിപ്രഹര ശേഷിയുള്ള ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ. ടി-90 ഭീഷ്മ ടാങ്കുകളാണ് അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും മികച്ച ടാങ്കുകളിലൊന്നാണ് ടി-90 ഭീഷ്മ.
ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസം ആദ്യം തന്നെ ടാങ്കുകള്‍ വിന്യസിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ നടത്തിയിരുന്നു. എന്നാല്‍ ജൂണ്‍ 16 ന് ശേഷമുള്ള യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് വിന്യാസം വേഗത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടി – 90 ഭീഷ്മ ടാങ്കുകളുടെ വിന്യാസം തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കാനുള്ള ഇന്ത്യയുടെ മുന്നൊരുക്കം ആയാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യയില്‍ നിന്നും കൊണ്ടുവന്ന ടി 90 – ഭീഷ്മ ടാങ്കുകള്‍ക്ക് 60 സെക്കന്റില്‍ 8 ഷെല്ലുകള്‍ തൊടുക്കാന്‍ കഴിയും. ആറ് കിലോ മീറ്ററാണ് ടാങ്കുകളുടെ ദൂരപരിധി. 48 ടണ്‍ ഭാരമുള്ള ടി 90 ഭീഷ്മാ ടാങ്കുകള്‍ ഉപയോഗിച്ച് രാവും പകലും ശത്രുക്കളോട് പോരാടാം.
അതേസമയം ധാരണകള്‍ ലംഘിച്ച് ചൈനീസ് സൈന്യം രഹസ്യമായി ഗാല്‍വന്‍ താഴ്‌വരയില്‍ വീണ്ടും സൈനിക വിന്യാസം നടത്താന്‍ ഒരുങ്ങുന്നതായാണ് വിവരം. ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഏത് ആക്രമണവും ചെറുക്കാന്‍ സജ്ജമാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.















