ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ തുറന്നിടല്‍ നയം രാജ്യത്തിനെ ആഗോള ശക്തിയാക്കുമെന്ന് ഐ.എസ്.ആര്‍.ഒ മേധാവി. ആഗോള ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് ഇന്ത്യയുടെ വാതില്‍ തുറന്നിടുന്ന നയത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. ആഗോളരംഗത്തെ സ്വകാര്യ കമ്പനികള്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുമായി സഹകരിക്കുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് കെ.ശിവന്റെ കണക്കുകൂട്ടല്‍.
ബഹിരാകാശ രംഗത്തെ ആഗോളതലത്തിലെ മാറ്റം ഇന്ത്യയിലെ അതേ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ പ്രചോദനമാകും. പുതിയ സാങ്കേതിക മേഖലകള്‍ പരിചയപ്പെടാനും ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമത നേടാനും അത് ഇടയാക്കുമെന്നും ശിവന്‍ വ്യക്തമാക്കി.
‘ബഹിരാകാശ ഗവേഷണ കേന്ദ്രം ആഗോളതലത്തില്‍ തുറക്കുന്നതുമൂലം രാജ്യം മുഴുവനുള്ള ഗവേഷണസ്ഥാപനങ്ങള്‍ക്ക് വലിയ നേട്ടമാകും. ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് ഇതേ മാര്‍ഗ്ഗത്തിലൂടെ ലോകവിപണി കീഴടക്കാനുള്ള വലിയ അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത് ‘ കെ. ശിവന്‍ പറഞ്ഞു.
ഇന്ത്യയുടെ സാങ്കേതിക രംഗത്തെ നയങ്ങളെ ആഗോളതലത്തില്‍ എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍ ധീരമാണ്. ഇതുമൂലം ഐ.എസ്.ആര്‍.ഒ അടക്കമുള്ള പ്രതിരോധ-ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ കാര്യശേഷി പതിന്മടങ്ങ് വര്‍ധിക്കും. ബഹിരാകാശ മേഖലയില്‍ വിവിധ രാജ്യങ്ങള്‍ക്ക് നമ്മള്‍ നല്‍കുന്ന സേവനം ഇനി വര്‍ധിക്കും. ഒപ്പം റോക്കറ്റുകളും ഉപഗ്രഹങ്ങളും വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കാനും വില്‍ക്കാനും സഹായമാകുമെന്നും ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍ പറഞ്ഞു.
നിലവില്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി രൂപീകരിച്ചു കഴിഞ്ഞു. ബഹിരാകാശ രംഗത്തെ അതിവേഗം തീരുമാനം എടുക്കാനായിട്ടാണ് ഈ പുതിയ സംവിധാനം. സ്വയംഭരണാധികാരമുള്ള സ്ഥാപനമാണിത്. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോ ഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി തിരഞ്ഞെടുക്കുള്ള അധികാരം ഇനി ഈ സംവിധാനത്തിനാണുള്ളത്.