വാഷിംഗ്ടണ്‍: സൈനിക പ്രകോപനങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ചൈനക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി. ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് മേല്‍ സൈനിക അധിശത്വം നേടാനുള്ള ചൈനയുടെ പീപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നീക്കങ്ങള്‍ അതീവ ഗൗരവതരമായ വിഷയമാണെന്ന് മൈക്ക് പോംപിയോ.
ചൈനയുടെ സൈനിക വിഷയത്തില്‍ കടുത്തവിമര്‍ശനവുമായി മൈക്ക് പോംപിയോ എത്തുന്നു എന്നത് ഏറെ ശക്തമായ നടപടികളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്കെതിരെ ചൈന അതിര്‍ത്തിയില്‍ ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ ആദ്യം മദ്ധ്യസ്ഥതയ്‌ക്ക് തയ്യാറാണെന്ന് പറഞ്ഞ അമേരിക്കയുടെ നയം മാറുന്നതായാണ് സൂചന. ചൈനയുടെ സൈന്യത്തിനെതിരെ ശക്തമായ വാക്കുകളാണ് മൈക്ക് പോംപിയോ ഉപയോഗിച്ചിരിക്കുന്നത്. ബ്രസ്സല്‍സ് ഫോറത്തിന്റെ വെര്‍ച്വല്‍ സമ്മേളന ത്തിലാണ് പോംപിയോ ചൈനക്കെതിരെ പ്രതികരിച്ചത്.
‘ചൈനയുടേത് സൈനിക പ്രകോപനങ്ങളാണ്. അതിര്‍ത്തിയില്‍ അതീവഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇതെല്ലാം ഇന്ത്യക്ക് നേരെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൃത്യമായ നീക്കമായി അമേരിക്ക വിലയിരുത്തുകയാണ്. ഇന്ത്യയോടും വിയറ്റ്‌നാമിനോടും മറ്റ് നിരവധി അയല്‍രാജ്യങ്ങളോടും ചൈനയുടെ നടപടി സമാനമാണ്’ മൈക്ക് പോംപിയോ പറഞ്ഞു.
എല്ലാ വിദേശരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി ചൈനയുടെ നടപടികളെ വിലയിരുത്തി. എല്ലാവരും ചൈനയുടെ സൈനിക നടപടിയുടെ ഗൂഢനീക്കങ്ങളെ വിമര്‍ശിക്കുകയാണ്. തെക്കന്‍ ചൈനാ കടലിലെ പടയൊരുക്കത്തെ യൂറോപ്പ്യന്‍ യൂണിയന്‍ ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യയടക്കമുള്ള തികച്ചും ശാന്തമായ അയല്‍രാജ്യ ങ്ങളോടുപോലും ചൈനയുടെ സൈനിക നീക്കം ഏറെ അപലപനീയമാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി.
ഇത്തരം മേഖലകളില്‍ അമേരിക്കയുടെ സന്നാഹം കുറവാണ്. അതിനെ ചൈനകുറച്ചു കാണരുത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെസഫിക് മേഖലയില്‍ വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ എന്നിവര്‍ക്കെതിരെ ചൈനയുടെ ഭാഗത്തുനിന്നും അനാവശ്യ പ്രകോപനങ്ങളാണുള്ളത്. അതിനെ പ്രതിരോധിക്കാന്‍ വേണ്ട എല്ലാ നടപടികളും എടുക്കുമെന്ന മുന്നറിയിപ്പും പോംപിയോ നല്‍കി. സമ്മേളനത്തില്‍ പ്രധാന യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സ്ഥാനപതിമാരടക്കം ചൈനയെ വിമര്‍ശിച്ചു. എല്ലാ രാജ്യങ്ങളോടും ചൈന നടത്തിയ വാഗ്ദ്ദാനങ്ങളെല്ലാം വെറും കള്ളമാണെന്നും ഒരു അന്താരാഷ്‌ട്ര നിയമവും ചൈന സ്വയം പാലിക്കാന്‍ തയ്യാറല്ലെന്നും അവര്‍ ആരോപിച്ചു. ഏറ്റവും പുതിയ ഉദാഹരണമായി കൊറോണ വ്യാപനവും എല്ലാവരും ചൂണ്ടിക്കാട്ടി.















