കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ ക്വാറന്റെയ്ന് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച്ച. ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്ത് നിന്നും ടാക്സി കാറുകള്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്നതായി പരാതി. യാത്രാ നിരക്ക് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വിദേശത്ത് നിന്നും മടങ്ങിയെത്തിയയാളെ വഴിയില്‍ ഇറക്കിവിട്ടതായും ആരോപണം ഉയരുന്നുണ്ട്.
ഡ്രൈവറും യാത്രക്കാരനും തമ്മില്‍ ശാരീരിക അകലം പാലിച്ച് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ടാക്സി കാറുകള്‍ക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് അനുവദിച്ചിരുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തി വന്നിരുന്ന ടാക്സികളില്‍ ഇതിനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് നിന്നുമുള്ള ടാക്സികളും വിമാനത്താവളത്തില്‍ അനുവദിച്ച് തുടങ്ങിയിരിക്കുകയാണ്. പുറത്ത് നിന്നും ടാക്സികള്‍ സര്‍വ്വീസ് ആരംഭിച്ചതോടെ ഗുരുതരമായ സുരക്ഷ വീഴ്ച്ചയാണ് ഉണ്ടാകുന്നത്. ഡ്രൈവറും യാത്രക്കാരനും തമ്മില്‍ ശാരീരിക അകലം പാലിക്കാനോ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കാനോ തയ്യാറാകുന്നില്ല.
വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തിവന്നിരുന്ന വാഹനങ്ങളുടേയും ഡ്രൈവര്‍മാരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ കൈവശമുണ്ട്. എന്നാല്‍ പുറത്ത് നിന്ന് എത്തുന്ന ടാക്സികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇല്ലാത്തത് ഇവരുടെ സമ്പര്‍ക്ക ലിസ്റ്റ് കണ്ടെത്താനും ബുദ്ധിമുട്ടാകും. പ്രവാസികള്‍ക്ക് വേണ്ട എല്ലാ യാത്ര സൗകര്യങ്ങളും വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച പതിവാകുന്നത്.