സോഷ്യൽ മീഡിയയിൽ വച്ച് ഏറ്റവും ജനപ്രീതി നേടിയ ഫേസ്ബുക്ക് ഇപ്പോൾ ഒരു പുതിയ കണ്ടുപിടുത്തമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. അവതാർ എന്ന പേരിൽ സ്വന്തം കാർട്ടൂൺ നിർമ്മിക്കാനുള്ള ഒരവസരമാണ് ഫേസ്ബുക്ക് മുന്നോട്ടു വച്ചിരിക്കുന്നത്.
സ്വന്തം രൂപത്തിന്റെ കാർട്ടൂൺ പതിപ്പ് ആവിഷ്കരിച്ച അവതാറിന്റെ സാന്നിധ്യം ചൊവാഴ്ചയാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ഇതോടെ ഓരോരുത്തരുടെ പ്രൊഫൈലിലും അവതാറിന്റെ മുഖങ്ങളാണ് കാണാൻ സാധിക്കുന്നത്. ഉപയോക്താക്കൾ സ്വന്തമായി തയാറാക്കുന്ന രൂപമായതുകൊണ്ടു പലരും അവതാർ പരീക്ഷിച്ച് നോക്കുന്നുണ്ട്.
തികച്ചും വ്യക്തിപരമായ ഒരു കാഴ്ചപ്പാടാണ് അവതാർ ലക്ഷ്യമിടുന്നത്. വ്യത്യസ്തമായ മുഖങ്ങൾ, ഹെയർ സ്റ്റൈലുകൾ, വസ്ത്രങ്ങൾ എന്നിവയിൽ നിന്നും ഓരോ വ്യക്തിക്കും സ്വന്തമായി അവതാർ സൃഷ്ടിക്കാൻ കഴിയുമെന്ന് ഫേസ്ബുക്ക് പ്രഖ്യാപിക്കുന്നു. മുഖത്തിന്റെ സവിശേഷതകൾ, കണ്ണ്, മൂക്ക്, ചുണ്ട്, പുരികം, ശരീര പ്രകൃതി, തൊപ്പി, കമ്മൽ എന്നീ ഘടകങ്ങൾ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാൻ കഴിയും. ഓരോ ഉപയോക്താക്കൾക്കും കൗതുകകരമായ ഒരു ഡിജിറ്റൽ വ്യക്തിത്വം നല്കാൻ സാധിക്കുമെന്നും ഫേസ്ബുക്ക് റിപ്പോർട്ടുകൾ പറയുന്നു.
ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് കമ്മന്റ്സ്, സ്റ്റോറികൾ, അവരുടെ പ്രൊഫൈൽ ഫോട്ടോ, ഫേസ്ബുക്ക് മെസേഞ്ചർ ചാറ്റ് എന്നിവയിൽ അവതാർ പോസ്റ്റ് ചെയ്യാനും, വാട്ട്സ്ആപ്പ് ചാറ്റുകളിൽ പങ്കിടാനും കഴിയും.
അവതാർ സൃഷ്ഠിക്കേണ്ടതിനായി ചെയ്യേണ്ടത് ഫേസ്ബുക്ക് ആപ്പ് തുറന്നതിനുശേഷം വലതുവശത്തെ മൂന്ന് വരകളിൽ ക്ലിക്ക് ചെയ്യുക. സീ മോർ ക്ലിക്ക് ചെയ്‌തതിനുശേഷം കസ്റ്റമൈസ് ചെയ്തു തുടങ്ങാം. കസ്റ്റമൈസേഷനിലൂടെ സ്വന്തം രൂപത്തെ എങ്ങനെ വേണമെങ്കിലും അലങ്കരിക്കാവുന്നതാണ്.
അവതാർ നിലവിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിലാണ് ലഭ്യമാകുന്നത്. എന്നാൽ പിനീട് ഐ ഒ എസ് വഴിയും ലഭ്യമാകുമെന്ന് പറയുന്നു.














