ദിബ്രുഗഡ്: അസമിലെ പ്രകൃതിവാതക കിണറിലെ തീ അണയ്ക്കല്‍ അവസാന ഘട്ടത്തിലെന്ന് കേന്ദ്ര ദുരന്ത നിവാരണ സേന. ജൂലൈ 7-ാം തീയതിയോടെ അവസാനഘട്ട തീഅണയ്‌ക്കല്‍ ജോലിയും പൂര്‍ത്തിയാകുമെന്നാണ് സേനാംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ വാതകം പുറത്തേക്ക് വരുന്നതിന്റെ അളവ് ഗണ്യമായികുറയ്‌ക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് സേന.
ഓപ്പറേഷന്‍ ബാഗ്ജാന്‍ എന്നു പേരിട്ട രക്ഷാപ്രവര്‍ത്തനത്തിന്റെ അഞ്ചാം ഘട്ടമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. മെയ്മാസം 27-ാം തീയതിയാണ് ബാഗ്ജാന്‍ മേഖലയിലെ എണ്ണപ്പാ ടത്തെ പാചകവാതക കിണറില്‍ സ്‌ഫോടനം നടന്നത്. അപകടത്തില്‍ രണ്ടു അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിനായി വലിയ വാഹനങ്ങള്‍ എത്തിക്കാന്‍ പറ്റാതെ വന്നതിനെതുടര്‍ന്ന് സൈന്യം ചതുപ്പുനിലത്ത് ബെയ്‌ലി പാലം നിര്‍മ്മിച്ചിരുന്നു. വെള്ളം ശക്തിയായി ചീറ്റുന്നതിനുള്ള വലിയപമ്പുകള്‍ ബെയ്‌ലി പാലത്തിലൂടെ എത്തിച്ചതോടെയാണ് ഒരു മാസമായ പ്രയത്‌നം ഫലം കണ്ടുതുടങ്ങിയത്. പ്രദേശത്തെ ഗ്രാമങ്ങളില്‍ നിന്നും ഒരു മാസത്തിലേറെയായി 7000 പേരെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറ്റി പാര്‍പ്പിക്കേണ്ടിവന്നത്.
നിലവിലെ പ്രവര്‍ത്തനങ്ങളില്‍ പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ മാറ്റുന്നത് തുടരുകയാണ്. നാലു ലോഡ് സാധനങ്ങളാണ് നിലവില്‍ മാറ്റിയിരിക്കുന്നത്. മണ്ണുകൊണ്ടു നിര്‍മ്മിച്ച രണ്ടു സംഭരണികള്‍, അല്ലാതെയുള്ള ഒരു സംഭരണി, ഒരു കിണര്‍ പമ്പ് എന്നിവ ഉപയോഗശൂന്യ മായവയില്‍ പെടുന്നതായി സേനാംഗങ്ങള്‍ പറഞ്ഞു.