സൈനികരുടെ പാരമ്പര്യവും ധൈര്യവും പ്രശംസനീയം; തിരുക്കുറലിലെ വരികള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡല്‍ഹി: സൈനികരുടെ ധൈര്യത്തെയും വര്‍ഷങ്ങളായി പിന്തുടരുന്ന പാരമ്പര്യത്തെയും പ്രശംസിക്കാന്‍ തിരുക്കുറലിലെ വരികള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച ലേയില്‍ സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി തിരുക്കുറലിലെ ‘മരമണം മന്ദ വഴിച്ചേലവു തേത്രം യെന നാംഗെ യെമം പടൈക്കു’ എന്ന ഈരടികളും ഉപയോഗിച്ചത്. അതായത്, ധൈര്യം, ബഹുമാനം, നല്ല പെരുമാറ്റം, പാരമ്പര്യം എന്നീ ഗുണങ്ങളെല്ലാം ഏതൊരു രാജ്യത്തിന്റെയും സൈന്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ സൈനികര്‍ എല്ലായ്‌പ്പോഴും ഈ പാത പിന്തുടരുന്നവരാണ്’ പ്രധാനമന്ത്രി പറഞ്ഞു. സേനയുടെ ധൈര്യത്തെയും ആത്മാഭിമാനത്തെയും പ്രശംസിക്കുന്ന ഈ വരികള്‍ ‘പടടി മച്ചി’ എന്ന അദ്ധ്യായത്തിന് കീഴിലെ 766ാമത്തെ ഈരടികളാണ്. ഏതൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും നല്ല സന്ദേശങ്ങള്‍ തിരുക്കുറല്‍ നല്‍കുന്നുണ്ട്. മുന്‍പും പല അവസരങ്ങളിലും തിരുക്കുറലിലെ വരികള്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടയില്‍ ഉപയോഗിച്ചിട്ടുണ്ട്.

തമിഴിലെ ഏറ്റവും മികച്ച മഹാകാവ്യങ്ങളിലൊന്നായ തിരുക്കുറലില്‍ നിരവധി വിഷയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ‘ജല്‍ ജീവന്‍’ ദൗത്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ‘ നീര്‍ ഇന്‍ട്രി അമയതും’ എന്ന ഭാഗവും അദ്ദേഹം ഉദ്ധരിച്ചിരുന്നു. ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്ന വരികളാണിവ. ‘വെള്ളം ഇല്ലാതാകുന്ന അവസ്ഥ എത്തിയാല്‍, പ്രകൃതിയുടെ പല പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും, ഒരു പക്ഷേ അത് അവസാനിക്കുകയും ചെയ്‌തേക്കാം. എല്ലാത്തിന്റെയും നാശത്തിന് തുടക്കമായിരിക്കും അതെന്നും’ പ്രധാനമന്ത്രി സൂചിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം തായ്‌ലന്റ് സന്ദര്‍ശിച്ച വേളയില്‍ ‘തലത്രി തണ്ട’ എന്ന വരികള്‍ അദ്ദേഹം ഉപയോഗിച്ചത്, ജനങ്ങളുടെ സഹായമനസ്‌കതയെ സൂചിപ്പിക്കുന്നതിനായിരുന്നു. തങ്ങളുടെ സമ്പത്ത് ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കണമെന്നും, ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തിരുക്കുറലിന്റെ തായ് ഭാഷയിലുള്ള പതിപ്പും അന്ന് അദ്ദേഹം പുറത്തിറക്കിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിന്റെ ഗുജറാത്തി ഭാഷയിലുള്ള പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.

Share
Leave a Comment