വാഷിംഗ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. ദക്ഷിണ ചൈനക്കടലില്‍ അമേരിക്ക പടയൊരുക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആണവ സജ്ജമായ രണ്ട് വിമാന വാഹിനി കപ്പലുകളാണ് ദക്ഷിണ ചൈനക്കടലില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.
യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന് എന്നീ സൂപ്പര്‍ കാരിയറുകളാണ് അമേരിക്ക വിന്യസിച്ചിരിക്കുന്നത്. തായ്വാനെയും ലുസോണ്‍ ദ്വീപുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലുസോണ്‍ കടലിടുക്കിലൂടെയാണ് അമേരിക്കയുടെ സൂപ്പര്‍ കാരിയറുകള്‍ എത്തിയത്. ഫിലിപ്പീന്‍സ് സമുദ്രത്തെ ദക്ഷിണ ചൈനക്കടലുമായി ബന്ധിപ്പിക്കുന്ന മേഖലയിലാണ് അമേരിക്കന്‍ പടയൊരുക്കമെന്നതും ശ്രദ്ധേയമാണ്.
ദക്ഷിണ ചൈനക്കടലില്‍ ചൈന സൈനിക പരിശീലനം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തിയുള്ള അത്യാധുനിക യുദ്ധവിമാനങ്ങളെ വഹിച്ചുകൊണ്ടുള്ള സൂപ്പര്‍ കാരിയറുകളെ മേഖലയിലേക്ക് എത്തിച്ചത്. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അമേരിക്കന്‍ നാവിക സേന അറിയിച്ചു.