ആവി പിടിക്കുന്നത് പനിയുള്ളപ്പോൾ മാത്രമല്ല

Published by
Janam Web Desk

മുഖസൗന്ദര്യത്തിന് വേണ്ടി എന്തും പരീക്ഷിക്കാൻ തയ്യാറാണ് നാം. സൗന്ദര്യത്തിന് വേണ്ടി പരീക്ഷണങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്, മുഖചർമ്മത്തിന്റെ ആരോഗ്യം. ചർമ്മത്തിന്റെ ആരോഗ്യത്തിന് എന്ത് കൊണ്ടും നല്ലതാണ് ആവി പിടിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.

ആവി പിടിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം, മുഖത്തിന്റെ ആരോഗ്യം, ചർമ്മത്തിന്റെ തിളക്കം എന്നിവ വർധിക്കുന്നു. ചർമ്മത്തിനുണ്ടാകുന്ന എല്ലാത്തരം അസ്വസ്ഥതകൾക്കുമുള്ള പരിഹാരം കൂടിയാണ് ആവി പിടിക്കൽ.മുഖക്കുരുവിനെ ഇല്ലാതാക്കാനും മുഖക്കുരു മൂലം ചർമ്മത്തിൽ ഉണ്ടായ പാടുകൾ ഇല്ലാതാക്കാനും ആവി പിടിക്കുന്നതിലൂടെ സാധ്യമാകും. വിയർപ്പും ചൂടുമാണ് മുഖക്കുരു ഉണ്ടാവാനുള്ള കാരണക്കാർ. ആവി പിടിക്കുന്നതിലൂടെ നീരാവി മുഖത്തെ സൂക്ഷ്മ സുഷിരങ്ങളെ നനയ്‌ക്കുന്നു. ചൂട് സുഷിരങ്ങൾ തുറക്കുന്നു. ഇതിന്റെ ഫലമായി അഴുക്കും മറ്റും പുറത്ത് വരുന്നു.

മുഖസൗന്ദര്യത്തിന് വലിയൊരു വെല്ലുവിളിയാണ് ബ്ലാക്‌ഹെഡ്‌സ്. ആവി പിടിച്ചശേഷം കോട്ടൺ ഉപയോഗിച്ച് മുഖം നല്ലത് പോലെ തുടക്കുക. ഇത് മാലിന്യങ്ങളെ മുഖത്ത് നിന്നും നീക്കം ചെയ്യുന്നു. പുതിയ മുഖക്കുരു മുഖത്ത് ഉണ്ടാവുകയാണെങ്കിൽ ഇതിലെ പഴുപ്പ് പുറത്തെടുക്കാൻ സ്റ്റീമിങ് സഹായിക്കുന്നു.

ചർമ്മത്തിലെ സെൻസിറ്റിവിറ്റി കുറയ്‌ക്കാൻ സ്റ്റീമിങ് സഹായിക്കും. പലരുടെയും ചർമ്മസ്വഭാവങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പുതിയ പരീക്ഷണങ്ങൾ കേട്ടപാതി കേൾക്കാത്ത പാതി മുഖത്ത് പരീക്ഷിക്കുമ്പോൾ ചൊറിച്ചിലോ തടിപ്പ് ഉണ്ടാകുകയോ ചെയ്യാം. ആവി പിടിച്ച് സെൻസിറ്റിവിറ്റി കുറയ്‌ക്കുന്നതിലൂടെ ഇത് പോലെയുള്ള ചർമ്മ അസ്വസ്ഥതകൾക്ക് പരിഹാരമാവും. ആവി പിടിക്കുന്ന വെള്ളത്തിൽ നിങ്ങൾ മുഖത്ത് പുരട്ടാൻ ഉദ്ദേശിക്കുന്ന എണ്ണകളോ സെറമുകളോ മിക്സ് ചെയ്താൽ മുഖത്തിന്റെ പുറം പാളിയിൽ മൃദുവായി എത്തിക്കാനും സഹായകരമാകും.

ആവി പിടിക്കുന്നത് ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് കൂടുതൽ രക്തം പമ്പ് ചെയ്യാൻ കാരണമാകും. രക്തചംക്രമണം കൂടുക എന്നാൽ അതിനർത്ഥം ചർമ്മത്തിലേക്ക് കൂടുതൽ ഓക്സിജൻ വിതരണം ചെയ്യുന്നു എന്നാണ്. ഇത് ആരോഗ്യകരമായ ചർമ്മകോശങ്ങൾക്ക് കാരണമാകുന്നു.മേക്കപ്പ് നീക്കം ചെയ്യാനും സ്റ്റീമിങ്ങിന് സാധിക്കും. മേക്കപ്പ് വസ്തുക്കളിൽ നിന്ന് മുഖത്തേക്ക് എത്താൻ സാധ്യതയുള്ള ബാക്ടീരിയ എന്നിവയെ നശിപ്പിക്കാനും ആവി പിടിക്കുന്നതിലൂടെ കഴിയുന്നു.

Share
Leave a Comment