കാന്‍പൂര്‍: കൊടുംകുറ്റവാളി വികാസ് ദുബെയുടെ ക്രൂരകൃത്യങ്ങള്‍ക്ക് കുടുംബാംഗങ്ങളും ബലിയാടാകുന്നതായി സൂചന. ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന ബന്ധുക്കളെല്ലാം വികാസിന്റെ കുടുംബത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ്. എട്ടു പോലീസുകാരെ ക്രൂരമായി കൊലപ്പെടുത്തിയ അധോലോക ഗുണ്ടയെ എവിടെവച്ചുകണ്ടാലും കൊല്ലണമെന്ന് ആക്രോശിക്കുകയാണ് ബന്ധുക്കള്‍. മൂത്ത സഹോദരി ചന്ദ്രകാന്തയും കുടുംബവുമാണ് നിലവില്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. കഴിഞ്ഞ 6 വര്‍ഷമായി ഗുണ്ടയായ സഹോദരനുമായി യാതൊരു ബന്ധവുമില്ലെന്നും ചന്ദ്രകാന്ത പറഞ്ഞു. എട്ടു പോലീസുകാരുടെ കൊലപാതകമറിഞ്ഞ് ദുബെയെ വെടിവെച്ചുകൊന്നാലും വിഷമമില്ലെന്ന് ദുബെയുടെ അമ്മ സരളാ ദേവി പോലീസിനോട് പറഞ്ഞിരുന്നു.
ഇതിനിടെ വിവിധ ഗ്രാമങ്ങളില്‍ താമസിക്കുന്ന വികാസ് ദുബെയുടെ ബന്ധുവാണെന്ന് ബോധ്യപ്പെടുന്നവരെ ഗ്രാമീണരും ചീത്തവിളിക്കുന്ന സംഭവങ്ങളും പുറത്തുവരികയാണ്. സമ്മര്‍ദ്ദം എല്ലായിടത്തും ശക്തമായതോടെ ബന്ധുക്കള്‍ ദുബെയെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് തെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മരുമകന്‍ ദിനേശ് തിവാരിയെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇയാള്‍ ദുബെയുമായുള്ള ബന്ധം നിഷേധിക്കുകയാണ്. കഴിഞ്ഞ ആറേഴു വര്‍ഷമായി അടുത്ത ബന്ധുക്കളെയാരേയും തന്റെ പ്രവര്‍ത്തനങ്ങളിലോ കച്ചവടങ്ങളിലോ ഒന്നും ദുബെ ഉപയോഗിക്കാറില്ലെന്നാണ് പോലീസിന്റെ നിഗമനം. പോലീസിന് ദുബെയെക്കുറിച്ചുള്ള പരാതി നല്‍കി റെയ്ഡിന് വഴിയൊരുക്കിയത് മറ്റൊരു മരുമകനായ രാഹുല്‍ തിവാരിയാണെന്നും പോലീസ് പറയുന്നു.