വാഷിംഗ്ടണ്‍: ലോകത്തിലെ ചെറുരാജ്യങ്ങള്‍ക്കെതിരെ ചൈനയുടെ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥനും വിസ നല്‍കില്ലെന്ന് അമേരിക്ക. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ടിബറ്റിനെതിരെ നടപടി എടുത്ത ചൈനീസ് ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
ടിബറ്റില്‍ അനധികൃത ഇടപെടല്‍ ചൈനയ്‌ക്കായി നടത്തിയ ഉദ്യോഗസ്ഥരെ ഇനി അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. ‘ ടിബറ്റന്‍ മേഖലയില്‍ കടന്നുകയറിയ ചൈനയുടെ നടപടിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്നു മുതല്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. ഇവരുടെ പ്രവര്‍ത്തനം 2018 ലെ ധാരണയ്‌ക്കും ടിബറ്റിലെ നിയമങ്ങള്‍ക്കും എതിരാണ്. ടിബറ്റിലെ മനുഷ്യാവകാശങ്ങളെ കാലങ്ങളായി ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തുകയാണ്’ പോംപിയോ വ്യക്തമാക്കി.
ടിബറ്റിന്റെ സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളില്‍ വിദേശ പൗരന്മാരെ പ്രവേശിക്കുന്നത് ചൈന തടയുന്നതും അംഗീകരിക്കാനാകില്ല. അമേരിക്കുടെ നയതന്ത്ര പ്രതിനിധികള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, വിനോദസഞ്ചാരികള്‍ എന്നിവരെയെല്ലാം ചൈന തടയുന്നത് പതിവാക്കിയിരിക്കുകയാണെന്നും പോംപിയോ കുറ്റപ്പെടുത്തി. ടിബറ്റന്‍ സമൂഹത്തിന് ആഗോള പരിരക്ഷ കൊടുക്കുക എന്നത് അമേരിക്കയുടെ നയമാണ് അതിനായി എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും പാലിച്ചുകൊണ്ടുള്ള നടപടികള്‍ എടുക്കുമെന്നും പോംപിയോ പറഞ്ഞു.















