കാഠ്മണ്ഡു : നേപ്പാളിൽ ചൈനക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കളെ ചൈനീസ് അംബാസഡർ ഹു യാംഗി സന്ദർശിച്ചതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ പ്ളക്കാർഡുകൾ ഉയർത്തി പ്രതിഷേധ മാർച്ചുകൾ നടത്തി. അംബാസഡർ എംബസിയിൽ ഇരുന്നാൽ മതി ഞങ്ങളുടെ നേതാക്കളെ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നാണ് പ്ലക്കാർഡുകളിൽ ഉള്ളത്. ചൈന ഗോ ബാക്ക് എന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്.
ചൈന അനുകൂലിയായ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെക്കണമെന്നാവശ്യപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കളെയാണ് ചൈനീസ് സ്ഥാനപതി ഹു യാംഗി സന്ദർശിച്ചത്. അന്താരാഷ്‌ട്ര നയതന്ത്ര മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള കൂടിക്കാഴ്‌ച്ചകൾക്കെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്. ശർമ്മ ഒലിയുടെ രാജി ഒഴിവാക്കാനും സർക്കാരിനെ താങ്ങി നിർത്തി ചൈന അനുകൂല സമീപനം ശക്തമാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണീ സന്ദർശനമെന്നാണ് ആരോപണം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.


മാധവ് കുമാർ നേപ്പാൾ , ജലാനാഥ് ഖനാൽ എന്നിവരെയാണ് ഹു യാംഗി സന്ദർശിച്ചത്. മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്‌ച്ചകളിൽ ശർമ്മ ഒലിക്കെതിരെയുള്ള സമീപനം മാറ്റണമെന്ന് യാംഗി അഭ്യർത്ഥിച്ചതായാണ് സൂചന. ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്തിയ ശർമ്മ ഒലിക്കെതിരെ കടുത്ത നിലപാടെടുത്ത നേതാക്കളെയാണ് യാംഗി സന്ദർശിച്ചത്.മുൻ പ്രധാനമന്ത്രി പ്രചണ്ഡയാണ് ഒലിക്കെതിരെ ശക്തമായി പ്രതികരിച്ച മറ്റൊരു നേതാവ്. ഒലിയുടെ ചൈനീസ് പക്ഷപാതം നേപ്പാളിന്റെ അഭിമാനം അടിയറ വയ്‌ക്കുന്നതാണെന്ന ആരോപണമുയരുന്ന സാഹചര്യത്തിലായിരുന്നു യാംഗിയുടെ സന്ദർശനം. പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ചൈനീസ് പക്ഷപാതിത്വമുള്ള ഒലി സർക്കാരിനെ താങ്ങി നിർത്താനാണ് ചൈന ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.















