ന്യൂഡല്‍ഹി: ലോകത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് ഇന്ത്യയ്‌ക്ക് വന്‍ പുരോഗതിയെന്ന് ഐക്യരാഷ്‌ട്ര സഭാ റിപ്പോര്‍ട്ട്. ബഹുമുഖ ദാരിദ്ര്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവരുടെ കണക്കിലാണ് ഇന്ത്യ നേട്ടം കൈവരിച്ചിരിക്കുന്നത്. 27 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതായെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ വിലയിരുത്തല്‍. പത്തുവര്‍ഷത്തെ കണക്കുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 2005 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പ്രകടമായ മാറ്റമുണ്ടാ യതായാണ് പഠനം തെളിയിക്കുന്നത്.
ഐക്യരാഷ്‌ട്രസഭയുടെ വികസന സമിതിയായ യു.എന്‍.ഡി.പി യാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓക്‌സ്‌ഫോര്‍ഡ് ദാരിദ്ര്യ മാനവ വികസന സമിതിയാണ് പഠനസഹായം നല്‍കിയത്. 75 രാജ്യങ്ങളുടെ പഠനമാണ് ഇരു സമിതികളും ചേര്‍ന്ന് നടത്തിയത്. 2000 മുതല്‍ 2019 വരെയുള്ള വിവിധ തലത്തിലെ ദാരിദ്ര്യ വിശകലനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം അര്‍മേനിയ, നിക്വരാഗ്വ, വടക്കന്‍ മാസേഡോണ എന്നീ രാജ്യങ്ങളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മുന്നേറിയെന്നാണ് പഠനം. ലോകത്തെ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഈ രാജ്യങ്ങളിലാണെന്നും ഐക്യരാഷ്‌ട്ര സഭാ സമിതി ചൂണ്ടിക്കാട്ടി.















