ലണ്ടന്‍: എഫ് എ കപ്പിലെ സെമിഫൈനല്‍ പോരാട്ടം നാളെ. പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലുമാണ് നാളെ ആദ്യമത്സരത്തില്‍ ഏറ്റുമുട്ടുക. രണ്ടാം മത്സരത്തിലെ പോരാട്ടം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലാണ്.
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ ലീഗിലെ അവസാന മത്സരത്തില്‍ 2-1ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആഴ്‌സണല്‍ നാളെ സിറ്റിക്കെതിരെ ഇറങ്ങുന്നത്.
ലിവര്‍പൂളിനെ സ്വന്തം മൈതാനത്ത് വിളിച്ചുവരുത്തി നാലുഗോളുകള്‍ക്ക് പൊരിച്ചുവിട്ട വീര്യവുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ പ്രീമിയര്‍ ലീഗ് കളികളിലെല്ലാം എതിരാളികളെ വലിയ മാര്‍ജ്ജിനില്‍ പരാജയപ്പെടുത്തിയാണ് സിറ്റി നില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രൈറ്റണെ 5-0ന് കെട്ടുകെട്ടിച്ച നീലപ്പട ന്യൂകാസിലിനേയും ഈ മാസമാദ്യം അതേ ഗോള്‍ നിലവാരത്തിലാണ് തകര്‍ത്തുവിട്ടത്.
തോല്‍വികളില്‍ നിറംമങ്ങിയാണ് യുണൈറ്റഡ് ലീഗിലെ സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റല്‍ പാലസിനെതിരെയും ബ്രൈറ്റണിനെതിരേയും നേടിയ ജയങ്ങളാണ് ആശ്വാസമായുള്ളത്. ലീഗിലെ അവസാന മത്സരങ്ങളില്‍ മികച്ച ജയം നേടി മുന്നേറിയതിന്റെ വീര്യത്തിലാണ് ചെല്‍സി. ലെസ്റ്ററിനെ മറികടന്ന് ലീഗില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഷെഫ് യുണൈറ്റഡിനെയും വാട്ട്‌ഫോഡിനേയും 3-0നാണ് ചെല്‍സി തോല്‍പ്പിച്ചത്. നോര്‍വിച്ചിനെ ഏക ഗോളിന് തോല്‍പ്പിച്ചതോടെയാണ് ലീഗില്‍ മൂന്നാം സ്ഥാനത്തേയ്‌ക്ക് കയറാനായത്.